സതാംപ്ടണ്‍: അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അയര്‍ലന്‍ഡിനെ 172 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട്, ആറ് വിക്കറ്റിന് ജയിച്ചു. അഞ്ച് വിക്കറ്റ് നേടിയ വില്ലിയുടെ ബൗളിംഗ് മികവും 67 റണ്‍സെടുത്ത സാം ബില്ലിംഗ്‌സിന്റെ ബാറ്റിംഗ് മികവുമാണ് ഇംഗ്ലണ്ടിന് ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 44.4 ഓവറില്‍ 172ന് എല്ലാവരും പുറത്തായി. 59 റണ്‍സെടുത്ത കുര്‍ട്ടിസ് കാംഫെര്‍, 40 റണ്‍സെടുത്ത ആന്‍ഡി മക്ബ്രിന്‍ 22 റണ്‍സ് വീതമെടുത്ത ഗാരെത് ഡെലാനി, കെവിന്‍ ഒബ്രിയന്‍ എന്നിവരല്ലാതെ മറ്റാരും തിളങ്ങിയില്ല. 8.4 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് വില്ലി അഞ്ച് വിക്കറ്റ് നേടിയത്. സാഖിബ് മഹ്മൂദ് രണ്ട് വിക്കറ്റെടുത്തു. 

മറുപടി ബാറ്റിംഗില്‍ ജാസണ്‍ റോയ്(24), ജോണി ബെയര്‍സ്‌റ്റോ(2), ജെയിംസ് വിന്‍സ്(25), ടോം ബാന്‍ടന്‍(11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായത്. സാം ബില്ലിംഗ്‌സ്(67), ഇയോന്‍ മോര്‍ഗന്‍(36) എന്നിവര്‍ പുറത്താകാതെ നിന്നു.