ഫ്‌ളോറിഡ: ടി20 ക്രിക്കറ്റില്‍ ഒരു റെക്കോഡിനായി മത്സരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ടി20യില്‍ ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ ഇരുവരില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തും. 20 വീതം അര്‍ധസെഞ്ചുറികളാണ് കോലിയുടെയും രോഹിത്തിന്റെയും പേരിലുള്ളത്. വിദൂരത്തെങ്കിലും കെ എല്‍ രാഹുലിനെ തേടിയും ഒരു റെക്കോഡ് കാത്തിരിപ്പുണ്ട്.

ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് രാഹുലിന് വന്നുച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ റെക്കോഡ് സ്വന്തമാക്കുക അല്‍പം കടുപ്പമേറിയ കാര്യമാണെന്ന് മാത്രം. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 121 റണ്‍സ് നേടിയാല്‍ മാത്രമെ രാഹുലിന് നേട്ടം സ്വന്തമാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ 24 ഇന്നിങ്‌സില്‍ നിന്ന് 879 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 43.90-ാണ് രാഹുലിന്റെ ശരാശരി. 

പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ് 26 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അസമിന്റെ നേട്ടം. 27 ഇന്നിങ്‌സുകളില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയാണ് അസമിന് പിന്നില്‍.