ജൊഹന്നസ്‌ബര്‍ഗ്: ലോകകപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ അടിമുടി അഴിച്ചുപണി. പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെ പുറത്താക്കിയ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്ത്യക്കെതിരായ പരമ്പരയില്‍ പുതിയ നായകനെ നിയമിക്കുമെന്നും വ്യക്തമാക്കി. 

ഇംഗ്ലണ്ടിലെ ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തിൽ മാത്രമാണ് ഓട്ടിസ് ഗിബ്സണ് ടീമിനെ ജയിപ്പിക്കാനായത്. നിലവിലെ ടീം മാനേജ്‌മെന്‍റിലെ ആരുടെയും കരാര്‍ പുതുക്കില്ല. പകരം ഫുട്ബോളിലേതു പോലെ പരമാധികാരിയായ മാനേജറെ നിയമിക്കും. കോച്ചിംഗ് സ്റ്റാഫില്‍ മറ്റാരൊക്കെ വേണമെന്ന് പുതിയ മാനേജര്‍ക്ക് തീരുമാനിക്കാം. മൂന്ന് ഫോര്‍മാറ്റിലെയും നായകനെ തീരുമാനിക്കാനുള്ള അധികാരവും ഇദേഹത്തിന് ലഭിക്കും. 

ഇന്ത്യക്കെതിരായ പരമ്പരയിലേക്ക് പുതിയ ഇടക്കാല നായകനെ നിയമിക്കുമെന്നും പ്രഖ്യാപിച്ചതോടെ ഫാഫ് ഡുപ്ലെസി ഇനി മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കില്ലെന്നും വ്യക്തമായി. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ട്വന്‍റി 20യിലും നിലവില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും ഏകദിനത്തില്‍ അഞ്ചാമതുമാണ്.