അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വലിയ ചലനം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്‍റെ പേസ് കുന്തമുനയായിരുന്നു താരം.

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400ലേറെ വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള താരം ടീം ഇന്ത്യയെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. കരിയറില്‍ ഏറെ പിന്തുണ നല്‍കിയ സൗരവ് ഗാംഗുലിക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ദിന്‍ഡ നന്ദി പറഞ്ഞു. മുപ്പത്തിയാറാം വയസിലാണ് ദിന്‍ഡയുടെ വിരമിക്കല്‍.

'ഇന്ത്യക്കായി കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ബംഗാളിനായി കളിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിലെത്തിയത്. രാജ്യത്തിനായി കളിക്കാന്‍ അവസരം തന്നതില്‍ ബിസിസിഐക്ക് നന്ദി അറിയിക്കുന്നു. ബംഗാളിനായി കളിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നത് മുതിര്‍ന്ന താരങ്ങളായ ദീപ് ദാസ് ഗുപ്‌തയും രോഹന്‍ ഗാവസ്‌കറുമാണ്. വിക്കറ്റ് ലഭിക്കുമ്പോഴൊക്കെ തനിക്ക് പിന്തുണ ലഭിച്ചുകൊണ്ടിരുന്നതായും' ദിന്‍ഡ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

'ദാദ'യ്‌ക്ക് പ്രത്യേക നന്ദി

'സൗരവ് ഗാംഗുലിക്ക് പ്രത്യേക നന്ദിയറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. 2005-06 സീസണില്‍ 16 അംഗ സ്‌ക്വാഡില്‍ ഗാംഗുലി തന്നെ തെരഞ്ഞെടുത്തത് ഓര്‍ക്കുന്നു. മഹാരാഷ്‌ട്രയ്‌ക്ക് എതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിന് എക്കാലവും കടപ്പെട്ടിരിക്കുന്നത് ദാദയോടാണ്. അദേഹം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. 21-ാം വയസിലാണ് കരിയര്‍ ആരംഭിച്ചത്. എക്കാലവും പിന്തുണ നല്‍കിയ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി. കഴിവ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ബോര്‍ഡ് എനിക്ക് തന്നിരുന്നു'- ദിന്‍ഡ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ്

2009 ഡിസംബര്‍ 9ന് ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു അന്താരാഷ്‌ട്ര ടി20യില്‍ അശോക് ദിന്‍ഡയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മെയ് 28ന് സിംബാബ്‌വെക്കെതിരെ ഏകദിനത്തിലും അരങ്ങേറി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വലിയ ചലനം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് കാലം ബംഗാളിന്‍റെ പേസ് കുന്തമുനയായിരുന്നു താരം. 116 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 28 ശരാശരിയില്‍ 420 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 92 മത്സരങ്ങളില്‍ 151 വിക്കറ്റും സ്വന്തം. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 13 ഏകദിനങ്ങളില്‍ 12 വിക്കറ്റും ഒന്‍പത് ടി20കളില്‍ 17 വിക്കറ്റുമാണ് നേടിയത്. അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം ലഭിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയായിരുന്നു അരങ്ങേറ്റം. ഐപിഎല്‍ കരിയറില്‍ പിന്നീട് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച താരം ആകെ 78 മത്സരങ്ങളില്‍ 69 വിക്കറ്റ് നേടി. 

ദിന്‍ഡ അക്കാദമി പരാമര്‍ശം; ബാംഗ്ലൂര്‍ ടീമിനെതിരെ ആഞ്ഞടിച്ച് അശോക് ദിന്‍ഡ