കേരള ക്രിക്കറ്റ് ലീഗ് (കെ സി എല്‍) മത്സരങ്ങൾക്ക് ആവേശം പകരാൻ 'പാച്ചു', 'ടെക്‌നോളജി കുട്ടപ്പൻ' എന്നീ രണ്ട് അത്യാധുനിക റോബോട്ടുകൾ എത്തിയിരിക്കുന്നു. മനുഷ്യരെപ്പോലെ സംസാരിക്കാനും നൃത്തം ചെയ്യാനും കഴിവുള്ള ഈ റോബോട്ടുകൾ കെസിഎൽ ഫാൻ വില്ലേജിൽ കാണികൾക്ക് കൗതുകക്കാഴ്ചയൊരുക്കി തരംഗമാവുകയാണ്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ സി എല്‍) മത്സരങ്ങള്‍ക്ക് ആവേശം കൂട്ടാന്‍ അപൂര്‍വ്വ അതിഥികളായെത്തി 'പാച്ചുവും' 'ടെക്‌നോളജി കുട്ടപ്പനും'. കളിക്കളത്തിലും കാണികള്‍ക്കായി ഒരുക്കിയ ഫാന്‍ വില്ലേജിലും ഒരേപോലെ തരംഗമായി മാറിയിരിക്കുകയാണ് ചൈനയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഈ അത്യാധുനിക റോബോട്ടുകള്‍.

മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായി സംസാരിക്കാനും നൃത്തം ചെയ്യാനും സാഹസികമായി ഫൈറ്റ് ചെയ്യാനുമുള്ള കഴിവും സവിശേഷതയുമാണ് 'പാച്ചു'വിനുള്ളത്. എന്നാല്‍ വീട്ടിലെ വളര്‍ത്തുനായയെ പോലെ മനുഷ്യരോട് അതിരറ്റ സ്‌നേഹം പ്രകടിപ്പിക്കാന്‍ 'ടെക്‌നോളജി കുട്ടപ്പന്' സാധിക്കും. ആവേശം മുറ്റുന്ന രീതിയില്‍ ഡാന്‍സ് ചെയ്യാനും രണ്ടു കാലുകളില്‍ മാത്രം ബാലന്‍സ് ചെയ്തു നില്‍ക്കാനും കുട്ടപ്പന് പ്രത്യേക വൈഭവമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് നിലവില്‍ ഇവയെ നിയന്ത്രിക്കുന്നതെങ്കിലും, സ്വതന്ത്രമായി കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള (അൗീേിീാീൗ)െ അത്ഭുതകരമായ ശേഷിയും ഈ രണ്ട് റോബോട്ടുകള്‍ക്കുമുണ്ട്.

ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന സാങ്കേതിക വിസ്മയങ്ങളാണ് ഈ റോബോട്ടുകള്‍. റാഷീദ്, സെയ്ദ് അലി, പ്രദീപ്, സേഫ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് നിലവില്‍ കളിക്കളത്തിലും പരിസരത്തും ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

ഗ്രൗണ്ടിലും കെസിഎല്‍ ഫാന്‍ വില്ലേജിലും റോബോട്ടുകളുടെ പ്രകടനം കാണാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരരായി മാറിയ പാച്ചുവും കുട്ടപ്പനും ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗിന് വേറിട്ടൊരു സാങ്കേതിക ചാരുത കൂടി നല്‍കുന്നു.

YouTube video player