ഏഴാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തന്നെയാണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമത്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 11-ാം സ്ഥാനത്ത് തുടരുന്നു.

ദുബായ്: ശ്രീലങ്കക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റവുമായി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കല്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറി അടക്കം 328 റൺസ് അടിച്ചെടുത്ത ദേവ്ദത്ത് പടിക്ക ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ച് സ്ഥാനങ്ങൾ മുന്നേറി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ ഇറങ്ങി ഒൻപതാം സ്ഥാനത്തേക്ക് വീണു.

ഏഴാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തന്നെയാണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമത്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 11-ാം സ്ഥാനത്ത് തുടരുന്നു. ശ്രീലങ്കയുടെ സോണൽ ദിനൂഷ കൊളംബോ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ 29 സ്ഥാനങ്ങൾ കയറി 25-ാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റിവ് സ്മിത്താണ് രണ്ടാമത്. ഒരു സ്ഥാനം താഴേക്കിറങ്ങിയ ജോ റൂട്ട് മൂന്നാം സ്ഥാനത്താണ്. പരിക്കിനെ തുടർന്ന് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറയ്ക്ക് ബൗളിങ് റാങ്കിങ്ങിലും തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബുമ്ര മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.

ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസിലൻഡിന്‍റെ മാറ്റ് ഹെൻറി ബുംറയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. സെപ്റ്റംബർ പകുതിയോടെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരം കളിക്കുക. മറ്റ് ബൗളർമാരിൽ, ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒരു സ്ഥാനം ഉയര്‍ന്ന് പതിനേഴാം സ്ഥാനത്തെത്തിയപ്പോള്‍ പാകിസ്ഥാനെതിരായ ലോർഡ്‌സ് ടെസ്റ്റിൽ 8 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒലി റോബിൻസൺ 6 സ്ഥാനങ്ങൾ മുന്നേറി അഞ്ചാം സ്ഥാനത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക