കറാച്ചി: അടുത്തിടെയാണ് കൗമാര പേസര്‍ നസീം ഷായെ പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ആഭ്യന്തര ലീഗിലെ മികച്ച പ്രകടനമാണ് താരത്തിന് ടെസ്റ്റ് ടീമില്‍ അവസരം കൊടുത്തത്. ഇന്ന് ഓസ്‌ട്രേലിയ എ ടീമിനെതിരെ അവസാനിച്ച ത്രിദിന മത്സത്തില്‍ താരം കളിച്ചിരുന്നു. മത്സരത്തിനിടെയാണ് ദുഖകരമായ വാര്‍ത്ത വന്നത്. 16കാരന്റെ അമ്മ മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 

താരം ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് അമ്മയുടെ മരണം സംഭവിക്കുന്നത്. നസീമിന് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ടീമിനൊപ്പം തുടരാന്‍ നസീം തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് പുറപ്പെട്ടാല്‍ പോലും മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കില്ലെന്നുള്ളതുകൊണ്ടാണ് താരം ടീമിനൊപ്പം തുടരാന്‍ തീരുമാനിച്ചത്. 

ഓസ്‌ട്രേലിയ എയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നസീം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ താരം പന്തെറിഞ്ഞിരുന്നില്ല. നസീമിന്റെ അമ്മയുടെ മരണത്തെ തുര്‍ന്ന് ഇരുടീമുകളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് സന്നാഹമത്സരം കളിച്ചത്.