ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 297ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് അസര്‍ അലി (93), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ (61), ഫഹീം അഷ്‌റഫ് (48) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി കെയ്ല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റെടുത്തു. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പാകിസ്ഥാന്‍ പുറത്തായതോടെ ആദ്യദിവസത്തെ കളി മതിയാക്കുകയായിരു്ന്നു. 

മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഷാന്‍ മസൂദിനെ (0) നഷ്ടമായി. അസര്‍ അലിയുമായി അര്‍ധ സെഞ്ചുറു കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആബിദ് അലിക്ക് (25) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. രണ്ടിന് 66 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. ഹാരിസ് സൊഹൈല്‍ (1), ഫവാദ് ആലം (2) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ 83ന് നാല്  എന്നി നിലയിലായി സന്ദര്‍ശകര്‍.

പിന്നീട് ഒത്തുച്ചേര്‍ന്ന റിസ്‌വാന്‍- അസര്‍ സഖ്യമാണ് പാകിസ്ഥാന്‍ ഇന്നിങ്‌സില്‍ കരുത്തായത്. ഇരുവരും 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റിസ്‌വാന്‍ മടങ്ങിയത് തിരിച്ചടിയായി. ഇതോടെ പാക് മധ്യനിര തകര്‍ന്നു. ഫഹീമും അരങ്ങേറ്റക്കാരന്‍ സഫര്‍ ഗോഗറും (34) നടത്തിയ ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.  ഷഹീന്‍ അഫ്രീദി (4), നസീം ഷാ (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് അബ്ബാസ് (0) പുറത്താവാതെ നിന്നു.