കറാച്ചി: ശ്രീലങ്കക്കെതിരെ മൂന്നാം ഏകദിനത്തില്‍ ആധികാരിക ജയത്തോടെ പാകിസ്ഥാന് പരമ്പര നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ 297/9, പാകിസ്ഥാന്‍ 48.2 ഓവറില്‍ 299/5.ആബിദ് അലി മത്സരത്തിലെ താരവും ബാബര്‍ അസം പരമ്പരയുടെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഓപ്പണര്‍ ധനുഷ്ക ഗുണതിലകയുടെ മിന്നുന്ന സെഞ്ച്വറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മികച്ച സ്കോര്‍ നേടിയത്. 134 പന്തില്‍ 16 ഫോറും ഒരു സിക്സും നേടിയ ഗുണതിലക 133 റണ്‍സെടുത്തു. ലാഹിരു തിരിമന്നെ(36), മിനോദ് ഭാനുക(36), ദാസുന്‍ സനക(43) എന്നിവര്‍ മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാക് ബൗളിംഗ് നിരയില്‍ മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഓപ്പണര്‍മാരുടെ പ്രകടനമാണ് പാക് വിജയം എളുപ്പമാക്കിയത്. ഫഖര്‍ സമാന്‍(76), ആബിദ് അലി(74) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 123 റണ്‍സ് ചേര്‍ത്തു. ബാബര്‍ അസം(31), സര്‍ഫ്രാസ് അഹമ്മദ്(23), ഹാരിസ് സൊഹൈലില്‍ (56)എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ഇര്‍ഫാന്‍ അഹമ്മദ് (28 നോട്ടൗട്ട്) വിജയത്തിലേക്ക് ബാറ്റ് വീശി. ശ്രീലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി.