അഡ്‌ലെയ്ഡ്: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് സമ്പൂര്‍ണ ആധിപത്യം. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ മൂന്നിന് 589 എന്ന സ്‌കോറിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 96 എന്ന നിലയിലാണ്. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ബാബര്‍ അസം (43), യാസിര്‍ ഷാ (4) എന്നിവരാണ് ക്രീസില്‍. 

ഷാന്‍ മസൂദ് (19), ഇമാം ഉല്‍ ഹഖ് (2), അസര്‍ അലി (9), ആസാദ് ഷഫീഖ് (9), ഇഫ്തിഖര്‍ അഹമ്മദ് (10)സ, മുഹമ്മദ് റിസ്‌വാന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ മൂന്നിന് 589 എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പകല്‍-രാത്രി ടെസ്റ്റുകളിലെ ഉയര്‍ന്ന ടീം ടോട്ടലാണിത്.

വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയാണ് (418 പന്തില്‍ പുറത്താവാതെ 335)ഓസീസിന് തുണയായത്. പാക് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തില്‍ 200ഉം 389 പന്തില്‍ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്സും ഇതിനിടെ പറന്നു.അഡ്ലെയ്ഡ് സ്റ്റേഡിയത്തില്‍പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 

ടെസ്റ്റില്‍ ഒരു ഓസീസ് താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്ലറെ വാര്‍ണര്‍ പിന്നിലാക്കി. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളുടെ ചരിത്രത്തിലെരണ്ടാം ട്രിപ്പിള്‍ കൂടിയാണിത്. പാകിസ്ഥാന്റെ അഷര്‍ അലിനേടിയ 302 റണ്‍സ് മറികടക്കാനും വാര്‍ണര്‍ക്കായി. 

സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് വാര്‍ണറെ പവലിയനിലേക്ക് സ്വീകരിച്ചത്. നേരത്തെ മര്‍നസ് ലബുഷാഗ്നെ (162) സെഞ്ചുറി നേടിയിരുന്നു. ജോ ബേണ്‍സ് (4), സ്റ്റീവന്‍ സ്മിത്ത് (36) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാത്യൂ വെയ്ഡ് (38) പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാനായി മൂന്ന് വിക്കറ്റും വീഴ്ത്തിയത്.