രണ്ടാം ടെസ്റ്റിലും പാകിസ്ഥാന്‍ പരാജയ ഭീതിയില്‍! ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടിയിലും ബാറ്റിംഗ് തകര്‍ച്ച
ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് നേടിയ പാകിസ്താന് തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി.
റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 117 എന്ന നിലയിലാണ് ആതിഥേയര്‍. നാല് വിക്കറ്റ് മാത്രം ശേഷിക്കെ 129 റണ്‍സിന്റെ ചെറിയ ലീഡ് മാത്രാണ് പാകിസ്ഥാനുള്ളത്. ലീഡ് 200നുള്ളില്‍ ഒതുക്കി നിര്‍ത്തിയാല്‍ ബാംഗ്ലാദേശിന് വിജയപ്രതീക്ഷയുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 274നെതിരെ ബംഗ്ലാദേശ് 262 റണ്‍സ് നേടിയിരുന്നു. ലിറ്റണ്‍ ദാസിന്റെ (138) സെഞ്ചുറിയും മെഹിദി ഹസന്‍ മിറാസിന്റെ (78) അര്‍ധ സെഞ്ചുറിയുമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് നേടിയ പാകിസ്താന് തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ അബ്ദുള്ള ഷെഫീഖ് (3), നൈറ്റ് വാച്ച്മാന്‍ ഖുറാം ഷഹ്‌സാദ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടിന് 9 എന്ന നിലയിലാണ് പാകിസ്ഥാന്‍ നാലാം ദിനം ആരംഭിച്ചത്. ഇന്ന് സെയിം അയൂബ് (20), ഷാന്‍ മസൂദ് (28), ബാബര്‍ അസം (11), സൗദ് ഷക്കീര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ആറിന് 81 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. തുടര്‍ന്ന് മുഹമ്മദ് റിസ്വാന്‍ (പുറത്താവാതെ 38) നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ 100 കടത്തിയത്. അഗ സല്‍മാന്‍ (7) റിസ്വാന് കൂട്ടായി ക്രീസിലുണ്ട്. ബംഗ്ലാദേശിന് വേണ്ടി നഹീദ് റാണ മൂന്നും ഹസന്‍ മഹ്മൂദ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്ത, രണ്ടാം ഇന്നിംഗ്‌സ് അവിശ്വസനീയ തിരിച്ചുവരവാണ് ബംഗ്ലാദേശ് നടത്തിയത്. ഒരു ഘട്ടത്തില്‍ ആറിന് 26ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് 262 റണ്‍സിന്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനെതിരെ ബംഗ്ലാദേശ് മുന്‍നിര തകര്‍ന്നിരുന്നു. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഷദ്മാന്‍ ഇസ്ലാം (10) മാത്രമാണ് രണ്ടക്കം കണ്ടത്. സാക്കിര്‍ ഹസന്‍ (1), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുള്‍ ഹഖ് (1), മുഷ്ഫിഖര്‍ റഹീം (3), ഷാക്കിബ് അല്‍ ഹസന്‍ (2) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതോടെ ആറിന് 26 എന്ന പരിതാപകരമായ നിലയിലായി സന്ദര്‍ശകര്‍. തുടര്‍ന്ന് ദാസ് - മെഹിദി സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്തു.
മെഹിദിയെ പുറത്താക്കി ഖുറാമാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടസ്‌കിന്‍ അഹമ്മദ് (1) പെട്ടന്ന് മടങ്ങിയെങ്കിലും ഹസന്‍ മഹ്മൂദ് (51 പന്തില്‍ 13) കൂട്ടുപടിച്ച് ലിറ്റണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 228 പന്തുകള്‍ നേരിട്ട ലിറ്റണ്‍ 13 ഫോറും നാല് സിക്സും നേടി. നഹിദ് റാണയാണ് (0) പുറത്തായ മറ്റൊരു താരം. ഖുറാം ഷെഹ്സാദ് പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി.