കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 191ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുല്ല പരമ്പരയില്‍ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. 

മറുപടി ബാറ്റിങ്ങില്‍ ഒഷാഡ ഫെര്‍ണാണ്ടോ (4), ദിമുത് കരുണാരത്‌നെ (25), കുശാല്‍ മെന്‍ഡിസ് (13) എന്നവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. എയ്ഞ്ചലോ മാത്യൂസ് (8), ലസിത് എംബുല്‍ഡെനിയ (3) എന്നിവരാണ് ക്രീസില്‍. പാകിസ്ഥാനായി മുഹമ്മദ് അബ്ബാസ് രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ എംബുല്‍ഡെനിയ, ലാഹിരു കുമാര എന്നിവരുടെ നാല് വിക്കറ്റ് പ്രകടനങ്ങളാണ് പാകിസ്ഥാനെ തകര്‍ത്തത്. വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റ് വീഴ്ത്തി. പാകിസ്ഥാനായി ബാബര്‍ അസം (60), ആസാദ് ഷഫീഖ് (63) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അബിദ് അലി (38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.