Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഷഹീന്‍ അഫ്രീദിയുടെ കാര്യത്തില്‍ ആശങ്ക

അഫ്രീദിയെയും നെതര്‍ലന്‍ഡ്സ് പര്യടനത്തിനുള്ള  പാക് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്.

Pakistan concerns over Shaheen Shah Afridi's injury before Asia Cup
Author
Karachi, First Published Aug 11, 2022, 10:31 PM IST

കറാച്ചി: ഈ മാസം അവസാനം യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് പാക്കിസ്ഥാന് ആശങ്ക സമ്മാനിച്ച് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക്. കഴിഞ്ഞ മാസം നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണ് അഫ്രീദിക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് അഫ്രീദിക്ക് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് അഫ്രീദി കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും നെതര്‍ലന്‍ഡ്സ് പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു.

അഫ്രീദിയെയും നെതര്‍ലന്‍ഡ്സ് പര്യടനത്തിനുള്ള  പാക് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഡോക്ടറും ടീം ഫിസിയോയും ടീമിലുള്ളതിനാല്‍ അഫ്രീദിയുടെ പരിക്കിന്‍റെ പുരോഗതി വിലയിരുത്താനാവുമെന്നതിനാലാണ് അദ്ദേഹത്തെ ടീമിനൊപ്പം കൊണ്ടുപോകുന്നതന്നും ബാബര്‍ പറഞ്ഞു. ഏഷ്യാ കപ്പും ലോകകപ്പും മനസില്‍ കണ്ടാണ് അഫ്രീദിക്ക് വിശ്രമം അനുവദിക്കുന്നതെന്നും ഏഷ്യാ കപ്പിന് മുമ്പ് നെതര്‍ലന്‍ഡ്സിനെതിരെ ഒരു മത്സരത്തിലെങ്കിലും അഫ്രീദിയെ കളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബാബര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരെ സിംബാബ്‌വെ ഇറങ്ങുന്നത് സ്ഥിരം നായകനില്ലാതെ; പ്രധാന താരങ്ങളും പുറത്ത്, ടീം അറിയാം

ഏഷ്യാ കപ്പില്‍ ഈ മാസം 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാണ് പാക്കിസ്ഥാന് ഇന്ത്യക്കെതിരെ വിജയം സമ്മാനിച്ചത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതിരുന്ന ഇന്ത്യ 10 വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ വിരാട് കോലിയുടെ കൂടെ വിക്കറ്റെടുത്ത അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. പാക്കിസ്ഥാനോടേറ്റ ആ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകളെ തകര്‍ക്കുകയും ചെയ്തു.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; ശിഖര്‍ ധവാനെ മാറ്റി, ഇന്ത്യക്ക് പുതിയ നായകന്‍

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമുണ്ടാകും. ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ ലോകകപ്പിന് മുമ്പ് മൂന്ന് തവണ ഇരു ടീമുകള്‍ക്കും പരസ്പരം മാറ്റുരക്കാന്‍ അവസരം ലഭിക്കും. ലോകകപ്പിലും തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്.

Follow Us:
Download App:
  • android
  • ios