ഐപിഎല്‍ സീസണിന്‍റെ ദൈർഘ്യം വർധിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനമോ പ്രഖ്യാപനമോ വന്നിട്ടില്ല

ലാഹോർ: ഐപിഎല്ലിന്‍റെ(IPL) ദൈർഘ്യം വർധിപ്പിക്കാനുള്ള ബിസിസിഐ(BCCI) ആലോചനകളെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്(Pakistan Cricket Board) എതിർക്കും. ഐസിസി യോഗത്തില്‍ നിലപാട് അറിയിക്കുമെന്ന് പിസിബി ചെയർമാന്‍(PCB chairman) റമീസ് രാജ(Ramiz Raja) അറിയിച്ചതായി വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

ഐപിഎല്‍ സീസണിന്‍റെ ദൈർഘ്യം വർധിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനമോ പ്രഖ്യാപനമോ വന്നിട്ടില്ലെങ്കിലും ഐസിസി യോഗത്തില്‍ ഞങ്ങളുടെ നിലപാട് അറിയിക്കും. എന്‍റെ പോയിന്‍റ് കൃത്യമാണ്. അതിശക്തമായി ഐസിസിയില്‍ എതിർക്കും എന്നും റമീസ് രാജ വ്യക്തമാക്കി. ഐസിസിയുടെ അടുത്ത ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്‌ടിപി) രണ്ടര മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ ടൂർണമെന്‍റാകും സംഘടിപ്പിക്കുക എന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകളോടാണ് പിസിബി ചെയർമാന്‍റെ പ്രതികരണം. ഐപിഎല്ലിന്‍റെ ദൈർഘ്യം കൂട്ടുന്ന കാര്യം ഐസിസിയും വിവിധ ക്രിക്കറ്റ് ബോർഡുകളുമായും ചർച്ച ചെയ്യുമെന്നും ജയ് ഷാ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഐപിഎല്ലിന് രണ്ടര മാസത്തെ സമയം അനുവദിക്കുമ്പോള്‍ ആ സമയത്ത് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും ഐസിസി ഷെഡ്യൂള്‍ ചെയ്യില്ല. ഇതോടെ എല്ലാ രാജ്യങ്ങളിലെ കളിക്കാര്‍ക്കും ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാകും. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് കായിക ബന്ധം വിച്ഛദിക്കപ്പെട്ട സാഹചര്യത്തില്‍ പാക് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാനാവില്ല. ഐപിഎല്ലിന് മാത്രമായി കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങളാണ് ചുരുങ്ങി ഇല്ലാതാകുന്നതെന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

രണ്ടാഴ്ച മുമ്പാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്ലിന്‍റെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം ബിസിസിഐ റെക്കോര്‍ഡ് തുകക്ക് വിറ്റത്. ടിവി സംപ്രേഷണവകാശം വാള്‍ട്ട് ഡിസ്നിക്ക് കീഴിലുള്ള സ്റ്റാര്‍ സ്പോര്‍ട്സ് 23,575 കോടി രൂപക്കും ഡിജിറ്റല്‍ അവകാശം റിലയന്‍സിന് കീഴിലുള്ള വയാകോം 23,758 കോടി രൂപക്കുമാണ് സ്വന്തമാക്കിയത്. അടുത്ത അ‍ഞ്ച് വര്‍ഷം ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകുമെന്ന് ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ക്രിക്കറ്റില്‍ ഇന്ത്യ പറയുന്നതേ നടക്കൂവെന്ന് അഫ്രീദി