Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്ന് പിന്മാറിയേക്കും! നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇതോടെ ആകെയുള്ള പതിമൂന്ന് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാവും പാകിസ്ഥാനില്‍ നടക്കുക. ഒന്‍പത് കളി ശ്രീലങ്കയിലും. ഇതിനെതിരെയാണിപ്പോള്‍ പാകിസ്ഥാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

pakistan cricket board makes u turn on asia cup hybrid model saa
Author
First Published Jul 17, 2023, 10:00 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തില്‍. മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറാനാണ് പാകിസ്ഥാന്റെ ആലോചന. പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചത്. ഹൈബ്രിഡ് മോഡല്‍ അനുസരിച്ച് ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍. 

ഇതോടെ ആകെയുള്ള പതിമൂന്ന് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാവും പാകിസ്ഥാനില്‍ നടക്കുക. ഒന്‍പത് കളി ശ്രീലങ്കയിലും. ഇതിനെതിരെയാണിപ്പോള്‍ പാകിസ്ഥാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ കൂടുതല്‍ മത്സരങ്ങള്‍ വേണമെന്ന് പിസിബി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടും. സാക അഷ്‌റഫ് പിസിബി ചെയര്‍മാനായി ചുമതലയേറ്റതോടെയാണ് പാകിസ്ഥാന്റെ നിലപാടുമാറ്റം. 

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാട് എടുത്തപ്പോള്‍ പിസിബിയുടെ മുന്‍ ചെയര്‍മാന്‍ നെജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ നിര്‍ദേശിച്ചത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നത്. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടുടീമുകള്‍ അവസാന നാലിലെത്തും. 

ഇവരില്‍ നിന്ന് ഫൈനലിസ്റ്റുകളേയും നിശ്ചയിക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദിയില്‍ നടത്തണെന്ന് പാകിസ്ഥാന്‍ കായിക മന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്തുകൊണ്ട് പുതിയ ആവശ്യം

പാകിസ്ഥാനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും നാല് മത്സരങ്ങള്‍ മാത്രമേ പാകിസ്ഥാനില്‍ വച്ച് നടക്കുന്നുള്ളൂ. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചതോടെ അവശേഷിക്കുന്ന മത്സരങ്ങള്‍ ലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രണ്ടും ഫൈനലും അടക്കം 9 മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാവും. ഇവയില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കാണ് കൂടുതല്‍ വരുമാനമുണ്ടാവുക എന്നതിനാലാണ് മത്സരത്തില്‍ നിന്നുള്ള കൂടുതല്‍ വിഹിതം വേണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ വാദിക്കുന്നത്. ലങ്കയില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ പാകിസ്ഥാനിലേക്ക് മാറ്റണം എന്ന ആവശ്യവും പിസിബിക്കുണ്ട്.

ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം! ഇതിഹാസത്തെ ഓദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios