അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന്‍ തോല്‍വിയിലേക്ക്. അഡ്‌ലെയ്ഡില്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ മൂന്നിന് 589നെതിരെ ഫോളോഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 39 എന്ന നിലയിലാണ്. ഓസീസിനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ 248 റണ്‍സ് കൂടി നേടണം. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 302ന് എല്ലാവരും പുറത്തായിരുന്നു. 287 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഓസീസ് നേടിയത്. 

ഇമാം ഉള്‍ ഹഖ് (0), അസര്‍ അലി (9), ബാബര്‍ അസം (8) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് നഷ്ടമായത്. ഷാന്‍ മസൂദ് (14), ആസാദ് ഷഫീഖ് (8) എന്നിവരാണ് ക്രീസില്‍. ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക്കിന് ഒരു വിക്കറ്റുണ്ട്. യാസിര്‍ ഷായുടെ (113) കന്നി സെഞ്ചുറിയാണ് പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സിലെ പ്രത്യേകത. 

ബാബര്‍ അസം 97 റണ്‍സ് നേടി പുറത്തായി. ഇരുവരും കൂട്ടിച്ചേര്‍ത്ത 105 റണ്‍സാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മുഹമ്മദ് അബ്ബാസുമായി 97 റണ്‍സും യാസിര്‍ കൂട്ടിച്ചേര്‍ത്തു. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് ബൗളര്‍മാരിലെ ഹീറോ. പാറ്റ് കമ്മിന്‍സ് രണ്ടും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഡേവിഡ് വാര്‍ണര്‍ (335), മര്‍നസ് ലബുഷാനെ (162) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പരമ്പരയിലെ ആദ്യ മത്സരം ഓസീസ് വിജയിച്ചിരുന്നു.