ബാറ്റിംഗ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും ഫീല്‍ഡിംഗ് പിഴവുകളും പാകിസ്ഥാന്‍റെ തോല്‍വിക്ക് കാരണമായി. ഓസ്ട്രേലിയക്കെതിരെ നിലവാരം കുറഞ്ഞ ഫീല്‍ഡിംഗിന്‍റെ പേരില്‍ പാക് ടീം കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.
ഹൈദരാബാദ്: ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ രണ്ടിലും തോറ്റതിന്‍റെ നിരാശയിലാണ് പാകിസ്ഥാൻ ടീം. ആദ്യം ന്യൂസിലൻഡിനോടും രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയയോടുമാണ് പാകിസ്ഥാൻ തോല്‍വി വഴങ്ങിയത്. ഫീല്‍ഡിംഗ് പിഴവുകളും പാകിസ്ഥാന്‍റെ തോല്‍വിക്ക് കാരണമായി. ഓസ്ട്രേലിയക്കെതിരെ നിലവാരം കുറഞ്ഞ ഫീല്‍ഡിംഗിന്‍റെ പേരില്‍ പാക് ടീം കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.
എന്നാല്‍, ബാബര്‍ അസമിന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ച ഷദബ് ഖാൻ നടത്തിയ ഒരു പ്രസ്താവനയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. കളിക്കാർ അമിതമായി ഹൈദരാബാദി ബിരിയാണി കഴിക്കുന്നതിനെ കുറിച്ചാണ് ഷദബ് പറഞ്ഞത്. ഹൈദരാബാദി ബിരിയാണി ചില കളിക്കാര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിന്‍റെ രുചി കൈവിടാൻ അവര്‍ ഒരുക്കമല്ലെന്നാണ് ഷദബ് പറഞ്ഞത്. ദിവസവും ഇപ്പോൾ ഹൈദരാബാദി ബിരിയാണി കഴിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം അൽപ്പം മന്ദഗതിയിലാകുന്നതെന്നും ഷദബ് പറഞ്ഞു.
അതേസമയം, ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫീല്‍ഡീംഗ് പിഴവുകളെ ട്രോളി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ രംഗത്ത് വന്നിരുന്നു. ഇന്നലെ ഹൈദരാബാദില്‍ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാരായ മുഹമ്മദ് നവാസും മുഹമ്മദ് വാസിമും പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി ഓടിയെത്തിയെങ്കിലും ആര് പിടിക്കുമെന്ന ആശയക്കുഴപ്പത്തില്‍ രണ്ട് പേരും പന്ത് പിടിക്കാതെ വിട്ടു കളഞ്ഞിരുന്നു.
പന്തിലേക്ക് അതിവേഗം ഓടിയെത്തിയ ഇരുവരും കൂട്ടിയിടി ഒഴിവാക്കാനാണ് ഒഴിഞ്ഞു മാറിയത്. എന്നാല്‍ പന്ത് ബൗണ്ടറിയിലേക്ക് പോകുകയും ചെയ്തു. ഈ വീഡിയോ പങ്കുവെച്ചാണ് പാകിസ്ഥാനും ഫീല്‍ഡിഗും ഒരിക്കലും അവസാനിക്കാത്ത പ്രേമകഥയെന്ന അടിക്കുറിപ്പോടെ ധവാന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് പാകിസ്ഥാന്‍റെ എതിരാളികള്‍.
