ആദ്യ മത്സരത്തില്‍ നേപ്പാളിനെ കശക്കിയെറിയുകയും രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയും ചെയ്തതോടെ പാക്കിസ്ഥാന് കിരീട പ്രതീക്ഷയിലായി. ഇന്ത്യക്കെതിരായ ഗ്രൂപ്പ് പോരാട്ടം പാക് ബാറ്റിംഗിന് മുമ്പെ മഴ കൊണ്ടുപോയത് ഇന്ത്യയുടെ ഭാഗ്യമെന്ന് വരെ  വിലയിരുത്തലുണ്ടായി.

കൊളംബോ: ഏഷ്യാ കപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു പാക്കിസ്ഥാന്‍. കഴിഞ്ഞ രണ്ട് മാസമായി ശ്രീലങ്കയില്‍ കളിക്കുന്ന പാക്കിസ്ഥാന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയം ലഭിച്ചതും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളുടെ സാന്നിധ്യവും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, പേസ് ത്രയവും ബാബര്‍ അസമിന്‍റെ മിന്നും ഫോമുമെല്ലാം ടൂര്‍ണമെന്‍റിന് മുമ്പെ അവരെ ഹോട്ട് ഫേവറൈറ്റുകളാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനവും പാക്കിസ്ഥാനെ തേടിയെത്തിയത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ കശക്കിയെറിയുകയും രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയും ചെയ്തതോടെ പാക്കിസ്ഥാന് കിരീട പ്രതീക്ഷയിലായി. ഇന്ത്യക്കെതിരായ ഗ്രൂപ്പ് പോരാട്ടം പാക് ബാറ്റിംഗിന് മുമ്പെ മഴ കൊണ്ടുപോയത് ഇന്ത്യയുടെ ഭാഗ്യമെന്ന് വരെ വിലയിരുത്തലുണ്ടായി. എന്നാല്‍ എല്ലാം തകിടം മറിയാന്‍ രണ്ട് ദിവസമെ വേണ്ടിവന്നുള്ളു. ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ ഫോര്‍ റൗണ്ടിലെത്തിയ പാക്കിസ്ഥാന്‍ ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ലോകകപ്പിന് ഇന്ത്യയിലേക്ക് വരുന്നത്.

കോലിയെ കളിപ്പിക്കാത്തതുകൊണ്ടാണോ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റത്, മറുപടിയുമായി രോഹിത് ശ‍ർമ

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും ഇന്നലത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ ആറ് റണ്‍സിന് തോല്‍പ്പച്ചതോടെയാണ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായത്. റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയായ ഇന്ത്യയുമായുള്ള മത്സരത്തിലെ 228 റണ്‍സിന്‍റെ കനത്ത തോല്‍വിയില്‍ നെറ്റ് റണ്‍ റേറ്റ് കൂപ്പുകുത്തിയതാണ് പാക്കിസ്ഥാനെ സൂപ്പര്‍ ഫോറിലെ അവസാന സ്ഥാനക്കാരാക്കിയത്.

ഏഷ്യാ കപ്പ് ഫേവറൈറ്റുകളായെത്തി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാക്കിസ്ഥാന് ലോകകപ്പിന് മുമ്പ് മറ്റൊരു തിരിച്ചടി കൂടി ഏഷ്യാ കപ്പില്‍ സംഭവിച്ചു. സ്റ്റാര്‍ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷാക്കും പരിക്കേറ്റു. നേരിയ പരിക്കുള്ള ഹാരിസ് റൗഫ് ലോകകപ്പില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും തോളിന് പരിക്കേറ്റ നസീം ഷായുടെ കാര്യം സംശയത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക