Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് പാക് ഓപ്പണര്‍മാര്‍; ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് മികച്ച തുടക്കം

ട്രന്റ് ബോള്‍ട്ടിനെ ഫോറടിച്ചാണ് പാകിസ്ഥാന്‍ ഓപ്പണര്‍ റിസ്‌വാന്‍ തുടങ്ങിയത്. അതേ ഓവറില്‍ ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചെടുക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞു.

Pakistan got great start against New Zealand in T20 WC semi final
Author
First Published Nov 9, 2022, 3:53 PM IST

സിഡ്‌നി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് മികച്ച തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്‌കോര്‍ പിന്തുടരുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് റിസ്‌വാന്‍ (28), ബാബര്‍ അസം (25) എന്നിവരാണ് ക്രീസില്‍. നേരത്തെ,  ഡാരില്‍ മിച്ചല്‍ (53), കെയ്ന്‍ വില്യംസണ്‍ (43) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു മാറ്റം പോലും വരുത്താതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

ട്രന്റ് ബോള്‍ട്ടിനെ ഫോറടിച്ചാണ് പാകിസ്ഥാന്‍ ഓപ്പണര്‍ റിസ്‌വാന്‍ തുടങ്ങിയത്. അതേ ഓവറില്‍ ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചെടുക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞു. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. 

ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സെമി; പരിക്ക് ആശങ്കയില്‍ നിന്ന് വിരാട് കോലി കഷ്‌ടിച്ച് രക്ഷപ്പെട്ടു- റിപ്പോര്‍ട്ട്

അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോണ്‍വെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോണ്‍വെ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകായിരുന്നു താരം. ഇതോടെ ആറ് ഓവറില്‍ രണ്ടിന് 38 എന്ന നിലയിലായി കീവിസ്. മികച്ച ഫോമിലുള്ള ഫിലിപ്‌സ് നവാസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. 

എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നിന് 49 ആയിരുന്നു കിവീസ്. പിന്നീട് വില്യംസണ്‍- മിച്ചല്‍ സഖ്യം നേടിയ 68 റണ്‍സാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 42 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്. അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വില്യംസണ്‍ മടങ്ങിയെങ്കിലും നീഷമിനെ (12 പന്തില്‍ 16) കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്രീദിക്ക് പുറമെ മുഹമ്മദ് നവാസ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.
 

Follow Us:
Download App:
  • android
  • ios