ഏഷ്യാ കപ്പില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം പാകിസ്ഥാനെന്ന് മുന്‍ നായകന്‍, പറയുന്നത് ഒരു കാരണത്താല്‍. 

ലാഹോര്‍: ഒരാഴ്‌ച സമയം അവശേഷിക്കുന്നുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആവേശം മുറുകുകയാണ്. ഐതിഹാസിക പോരാട്ടത്തിന് മുമ്പേ വാക്‌പോരിന് പാകിസ്ഥാന്‍ തുടക്കമിട്ടുകഴിഞ്ഞു. ടീം ഇന്ത്യക്ക് മേല്‍ മുന്‍തൂക്കം പാക് ടീമിനുണ്ട് എന്നാണ് മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന്‍റെ പ്രതികരണം. 

കഴിഞ്ഞ ടി20 ലോകകപ്പില്‍(2021) ഇന്ത്യന്‍ ടീം പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ അതേ വേദിയിലാണ്(ദുബായ്) ഓഗസ്റ്റ് 28-ാം തിയതി ഇരു ടീമുകളും മുഖാമുഖം വരുന്നത് എന്നതാണ് സര്‍ഫറാസ് അഹമ്മദിന്‍റെ അവകാശവാദങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നതെങ്കിലും ദുബായിലെ സാഹചര്യം കൂടുതല്‍ നന്നായി അറിയുന്നത് പാക് ടീമിനാണ് എന്ന് സര്‍ഫറാസ് പറയുന്നു. 

'ആദ്യ മത്സരമാണ് ഏതൊരു ടൂര്‍ണമെന്‍റിലേയും പാത തീരുമാനിക്കുക. ഞങ്ങളുടെ ആദ്യ മത്സരം ഇന്ത്യക്കെതിരെയാണ്. ഇതേ വേദിയില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയിച്ചു എന്നത് ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ടീം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും നിരവധി ഹോം പരമ്പരകളും കളിച്ചിട്ടുള്ളതിനാല്‍ ദുബായിലെ സാഹചര്യം നന്നായി അറിയാം. തീര്‍ച്ചയായും ഇന്ത്യ അവിടെ ഐപിഎല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍റെ അത്ര മത്സരപരിചയം ദുബായില്‍ ഇന്ത്യന്‍ ടീമിനില്ല. പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പൂര്‍ണ ആരോഗ്യവാനായിരിക്കേണ്ടത് പാക് ടീമിന് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. കുട്ടിക്രിക്കറ്റില്‍ പാക് ടീമും മികച്ചുനില്‍ക്കുന്നതായും' സര്‍ഫറാസ് അഹമ്മദ് സ്പോര്‍ട്‌സ് പാക് ടീവിയോട് കൂട്ടിച്ചേര്‍ത്തു. 

യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പില്‍ വരുന്ന 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. അതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും അയല്‍ക്കാര്‍ നേര്‍ക്കുനേര്‍ വരും. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക. ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ഏഷ്യാ കപ്പിന് മുമ്പ് ആശങ്കയാണെന്ന് ബാബര്‍ അസം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് അഫ്രീദിക്ക് പരിക്കേറ്റത്. സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ പേസര്‍ ദീപക് ചാഹറിന് ഇന്ത്യ പ്രധാന സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാനിടയുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍.