പാകിസ്ഥാനോട് ലോകകപ്പില്‍ പങ്കെടുക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു

ലാഹോര്‍: ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ഏഷ്യാ കപ്പിന് ന്യൂട്രല്‍ വേദി വേണമെന്ന് ഇന്ത്യ വാശിപിടിച്ചാല്‍ ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ല എന്നാണ് പാകിസ്ഥാന്‍റെ പുതിയ ഭീഷണി. പാകിസ്ഥാന്‍ കായികമന്ത്രി എഹ്‌സാന്‍ മസാരിയാണ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് പങ്കാളിത്തത്തെ കുറിച്ച് നിലപാടറിയിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനോട് ലോകകപ്പില്‍ പങ്കെടുക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

'ഏഷ്യാ കപ്പ് നിഷ്‌പക്ഷ വേദിയില്‍ കളിക്കണമെന്ന് ഇന്ത്യ വാശിപിടിച്ചാല്‍ ലോകകപ്പില്‍ നമ്മളും സമാന ആവശ്യം ഉയര്‍ത്തണം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്‍റെ മന്ത്രിസ്ഥാനത്തിന് കീഴില്‍ വന്നതിന് ശേഷമുള്ള നിലപാട് ഇതാണ്' എന്നുമാണ് എഹ്‌സാന്‍ മസാരിയുടെ വാക്കുകള്‍. ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് വിലയിരുത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് കമ്മീഷനെ നിയമിച്ചതിന് പിന്നാലെയാണ് കായികമന്ത്രിയുടെ പ്രതികരണം. ഈ കമ്മിറ്റിയില്‍ എഹ്‌സാന്‍ മസാരിയടക്കം 11 മന്ത്രിമാരുണ്ട്. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സംഘത്തിന്‍റെ തലവന്‍. സംഘത്തിന്‍റെ നിര്‍ദേശങ്ങള്‍ കേട്ട ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുക പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ രക്ഷാധികാരി കൂടിയായ പ്രധാനമന്ത്രിയായിരിക്കും. ലോകകപ്പിന് മുമ്പ് ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ സംഘത്തെ അയക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. 

ഇന്ത്യ നിഷ്പക്ഷ വേദി വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ പാകിസ്ഥാനിലും ശ്രീലങ്കയിലും വച്ച് നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ഏഷ്യാ കപ്പിന്‍റെ മത്സരക്രമം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്തുന്നതിനോട് പാകിസ്ഥാന്‍ കായികമന്ത്രിക്ക് യോജിപ്പില്ല. അടുത്ത ആഴ്ച ഡര്‍ബനില്‍ നടക്കുന്ന സുപ്രധാന ഐസിസി യോഗത്തില്‍ പാകിസ്ഥാന്‍റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച നടക്കാനിടയുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും പിസിബിയുടെ പുതിയ തലവന്‍ സാക്കാ അഷ്‌റഫും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Read more: വെസ്റ്റ് ഇന്‍ഡീസ് പര്യടനം: കിടുക്കാച്ചി പ്രൊമോയില്‍ തിളങ്ങി സഞ്ജു സാംസണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News