അമേരിക്കന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ തെറോണിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ഐസിസി അന്വേഷണമോ നടപടിയോ സ്വീകിരിച്ചിട്ടില്ല.
ഡാളസ്: ടി20 ലോകകപ്പില്‍ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങിയതിന്‍റെ നാണക്കേടിന് പിന്നാലെ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണവും. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവില്‍ അമേരിക്കന്‍ ടീം അംഗവുമായ റസ്റ്റി തെറോണാണ് ഹാരിസ് റൗഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ലോകകപ്പിലെ അമേരിക്കക്കെതിരായ മത്സരത്തില്‍ റൗഫ് പന്ത് ചുരണ്ടിയെന്നാണ് തെറോണിന്‍റെ പരാതി. ഐസിസിയെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തെറോണ്‍ ആരോപണം ഉന്നയിച്ചത്. അമേരിക്കക്കെതിരായ മത്സരത്തില നാലോവറില്‍ 37 റണ്‍സ് വഴങ്ങിയ റൗഫ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മത്സരത്തില്‍ ന്യൂബോള്‍ എറിയുന്നതിനിടെ ഹാരിസ് റൗഫ് നഖം ഉപയോഗിച്ച് പന്ത് ചുരണ്ടാന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ കൂടുതല്‍ സ്വിംഗ് നേടാനായിരുന്നു റൗഫ് ശ്രമിച്ചതെന്നും തെറോണ്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ബോസ് നഗരത്തില്‍ എത്തിയിട്ടുണ്ട്, ഭാര്യ ചാരുലത അമേരിക്കയിലെത്തിയ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍
എന്നാല്‍ അമേരിക്കന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ തെറോണിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ഐസിസി അന്വേഷണമോ നടപടിയോ സ്വീകിരിച്ചിട്ടില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.
മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമേകിക്ക 18 റണ്‍സടിച്ചു. മുഹമ്മദ് ആമിര്‍ എറിഞ്ഞ ഓവറില്‍ വൈഡുകളും ലെഗ് ബൈയുമായി ഏഴ് റണ്‍സാണ് പാകിസ്ഥാന്‍ വഴങ്ങിയത്. 19 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് ആദ്യ പന്തില്‍ തന്നെ ഇഫ്തീഖര്‍ അഹമ്മദ് ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്സ് മാത്രമെ നേടാനായുള്ളു. ഇതോടെ അഞ്ച് റണ്‍സിന്‍റെ ചരിത്രവിജയം അമേരിക്ക സ്വന്തമാക്കി.
