ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 47 റണ്‍സിന് ജയിച്ച ന്യൂസിലന്‍ഡ് പാക്കിസ്ഥാന്‍ പരമ്പര തൂത്തുവാരുന്നത് തടഞ്ഞു.
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ നാലു കളികളും ജയിച്ച് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ പാക്കിസ്ഥാന് പക്ഷെ അവിടെ തുടരാനായാത് രണ്ടേ രണ്ട് ദിവസം. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ 47 റണ്‍സിന് തോറ്റതോടെ പാക്കിസ്ഥാന്‍ റാങ്കിംഗില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് റാങ്കിംഗില്‍ വീണ്ടും ഒന്നാമന്‍മാരായത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
വെള്ളിയാഴ്ച നടന്ന നാലാം ഏകദിനത്തില്‍ ജയിച്ചതോടെയാണ് പാക്കിസ്ഥാന്‍ ചരിത്രത്തിലാദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനവും ജയിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് ഒന്നാം സ്ഥാനത്ത് തുടരാനാവുമായിരുന്നുള്ളു.
ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 47 റണ്‍സിന് ജയിച്ച ന്യൂസിലന്‍ഡ് പാക്കിസ്ഥാന്‍ പരമ്പര തൂത്തുവാരുന്നത് തടഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.3 ഓവറില്‍ 299 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഓപ്പണര്‍ വില്‍ യങായിരുന്നു കിവീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ടോം ലാഥം(59), ചാപ്‌മാന്‍(43) എന്നിവരും കിവീസിനായി തിളങ്ങി. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.
ഡെത്ത് ബൗളിംഗ്, ടീം കോംബിനേഷന്‍, തന്ത്രം പിഴച്ച് സഞ്ജു; രാജസ്ഥാന്‍റെ തോല്‍വിക്കുള്ള കാരണങ്ങള്‍
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(1) നിരാശപ്പെടുത്തിയപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദും(94), അഗ സല്‍മാനും(57), ഫഖര്‍ സമനും(33) പൊരുതിയെങ്കിലും പാക്കിസ്ഥാന്‍ 46.1 ഓവറില്‍ 252 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രചിന്‍ രവീന്ദ്രയും ഹെന്‍റി ഷിപ്‌ലിയുമാണ് പാക്കിസ്ഥാനെ തകര്‍ത്തത്.
പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ എട്ട് പ്രധാന താരങ്ങളില്ലാതെയാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാന്‍ പര്യടനത്തിനെത്തിയത്. നേരത്തെ ടി20 പരമ്പരയില്‍ 0-2ന് പിന്നിലായശേഷം ന്യൂസിലന്‍ഡ് 2-2ന് ടി20 പരമ്പര സമനിലയില്‍ പിടിച്ചിരുന്നു.
