മാപ്പ്! ലോകകപ്പിനിടെ ഇന്ത്യയില്‍ തിരിച്ചയക്കപ്പെട്ട പാക് വനിതാ മാധ്യമ പ്രവര്‍ത്തക സൈനബ് അബ്ബാസിന്റെ പ്രതികരണം
സൈനബിന്റെ പഴയ ട്വിറ്റര്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി വ്യാപക വിമര്‍ശനവും സൈബര്‍ അറ്റാക്കും തുടരുന്നതിനിടെയായിരുന്നു യാത്ര. സൈനബിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തിയെന്ന് വാര്‍ത്തയും പരന്നു.

ഇസ്ലാമാബാദ്: ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നെത്തിയ സ്‌പോര്‍ട്‌സ് ചാനല്‍ അവതാരക സൈനബ് അബ്ബാസിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചത്. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും മുമ്പ് അവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള അവരുടെ പഴയ പോസ്റ്റുകള്‍ വീണ്ടും ചര്‍ച്ചയായി. ഇക്കാര്യം ചുണ്ടിക്കാട്ടി സൈനബിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് സൈനബിനെ തിരിച്ചയച്ചത്.
സൈനബിന്റെ പഴയ ട്വിറ്റര്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി വ്യാപക വിമര്‍ശനവും സൈബര്‍ അറ്റാക്കും തുടരുന്നതിനിടെയായിരുന്നു യാത്ര. സൈനബിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തിയെന്ന് വാര്‍ത്തയും പരന്നു. വ്യക്തിപരമായ കാരണത്താലാണ് സൈനബ് ഇന്ത്യ വിട്ടതെന്ന് ഐസിസി അറിയിച്ചെങ്കിലും സൈബര്‍ അറ്റാക്ക് തന്നെയാണ് കാരണമെന്നാണ് വെളിപ്പെടുത്തല്‍. എന്നാലിപ്പോള്‍ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് സൈനബ്.
നാടുകടത്തിയതല്ലെന്നാണ് സൈനബ് പറയുന്നത്. അതോതൊപ്പം മുമ്പ് അവര്‍ നടത്തിയ മതവിരുദ്ധ പോസ്റ്റുകള്‍ക്ക് മാപ്പും പറയുന്നുണ്ട്. സൈനബ് എക്‌സില്‍ വ്യക്തമാക്കുന്നതിങ്ങനെ... ''2014ലെ തന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്ന പ്രതികരണം ഭയപ്പെടുത്തി. എന്നാല്‍ തന്റെ ജീവനോ കൂടെയുള്ളവര്‍ക്കോ ഭീഷണിയുണ്ടായിരുന്നില്ല. സ്വന്തം ഇടം മാത്രമായി അല്‍പ്പ സമയം വേണമെന്ന ചിന്തയാണ് ദുബായിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ താന്‍ ഇന്ന് ചിന്തിക്കുന്ന മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഒരു മതത്തില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിച്ചതില്‍ ദുഖമുണ്ട്. അത്തരം അവഹേളനങ്ങള്‍ക്കും ഭാഷയ്ക്കും എവിടെയും സ്ഥാനമില്ല. പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നു.'' സൈനബ് വ്യക്തമാക്കി.
2014ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പൊലീസ് സൈനബിനെതിരെ കേസെടുത്തിരുന്നു. സൈനബിനെ തിരിച്ചയിക്കുന്നതുമായി ബന്ധപ്പെട്ട പാകിസ്ഥാനിലെ സമാ ടിവി നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ആക്കുകയായിരുന്നു. സൈനബ് സുരക്ഷിതമായി ദുബായിലെത്തിയെന്നും പോസ്റ്റിലുണ്ടായിരുന്നു. നേരത്തെ, ഇന്ത്യയിലേക്ക് പറക്കുന്നതിനിടെ സൈനബ് രാജ്യത്തേക്കുള്ള തന്റെ യാത്രയില്‍ ആവേശം കൊണ്ടിരുന്നു.