രോഹിത് ശര്‍മ ഉറപ്പ് പറയുന്നു! പാകിസ്ഥാനെതിരെ ഇഷാന്‍ കിഷന്‍ പുറത്തേക്ക്? ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ പുറത്താവും. ഏഷ്യാ കപ്പില്‍ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേരുന്ന ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം പാകിസ്ഥാന് തലവേദനയാകും.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ നാളെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്താന്‍ സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനെതിരെ 99 ശതമാനവും ഗില്‍ കളിക്കാനാണ് സാധ്യയെന്ന് രോഹിത് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡങ്കിപനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ചെന്നൈയില്‍ നിന്ന് അഹമ്മബാദബാദിലെത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗില്ലിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്.
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ പുറത്താവും. ഏഷ്യാ കപ്പില്‍ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേരുന്ന ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം പാകിസ്ഥാന് തലവേദനയാകും. മൂന്നാം നമ്പറില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ തലവേദന വിരാട് കോലി തന്നെയാവും. അഫ്ഗാനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും അര്‍ധ സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു.
നാലാം നമ്പറില്‍ ശ്രേയസ് എത്തുമ്പോള്‍ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ തന്നെയാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബൗളിംഗ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യതയുള്ളത്. അഫ്ഗാനെതിരായ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമി നാളെ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും. പാക് മധ്യനിരയില്‍ കൂടുതല്‍ വലംകൈയന്‍ ബാറ്റര്‍മാരാണെന്നതിനാല്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉണ്ടാകുക.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.