തല്ലാനായി ഓടുന്നതിനിടെ ആരാധകനോട് ഇന്ത്യക്കാരനായിരിക്കുമെന്ന് റൗഫ് പറയുന്നതും താന്‍ ഇന്ത്യക്കാരനല്ല പാകിസ്ഥാന്‍കാരനാണെന്ന് ആരാധകന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ നിന്ന് തോറ്റ് പുറത്തായതിന് പിന്നാലെ പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി പാക് പേസര്‍ ഹാരിസ് റൗഫ് . ഭാര്യയുമായി നടന്നുപോകവെ പരിഹസിച്ച ആരാധകനെ നിയന്ത്രണം വിട്ട ഹാരിസ് റൗഫ് തല്ലാനായി ഓടിച്ചെല്ലുകയായിരുന്ന. ഭാര്യ ഹാരിസ് റൗഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് ചിലര്‍ ചേര്‍ന്നാണ് റൗഫിനെ പിടിച്ചു മാറ്റിയത്.

തല്ലാനായി ഓടുന്നതിനിടെ ആരാധകനോട് ഇന്ത്യക്കാരനായിരിക്കുമെന്ന് റൗഫ് പറയുന്നതും താന്‍ ഇന്ത്യക്കാരനല്ല പാകിസ്ഥാന്‍കാരനാണെന്ന് ആരാധകന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ടൂർണമെന്റിൽ സൂപ്പർ എട്ടിലെത്താതെ പുറത്തായതിൽ വിമർശനങ്ങൾ വക വെക്കാതെ ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ ലണ്ടനിലേക്കു പോകാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Scroll to load tweet…

എന്നാല്‍ ഈ സംഭവത്തില്‍ ഹാരിസ് റൗഫ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വരരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതില്‍ ഒരു വിശദീകരണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ക്രിക്കറ്റ് താരമെന്ന നിലയില്‍ ആരാധകരുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമെല്ലാം കേള്‍ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവര്‍ക്കതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ എന്‍റെ മാതാപിതാക്കളെയോ കുടുംബത്തെയോ അവഹേളിക്കാന്‍ അവര്‍ക്ക് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അത് ഞാന്‍ വകവെച്ചുകൊടുക്കില്ല. അപ്പോള്‍ തന്നെ പ്രതികരിക്കും. ഏത് പ്രഫഷനായാലും ആളുകളോടും അവരുടെ കുടുംബത്തോടും മാന്യമായി പെരുമാറുക എന്നത് പ്രധാനമാണെന്നും ഹാരിസ് റൗഫ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

Scroll to load tweet…

ടി20 ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയോടും ഇന്ത്യയോടും തോറ്റതോടെയാണ് പാകിസ്ഥാന്‍റെ സൂപ്പര്‍ 8 സാധ്യതകള്‍ക്ക് തിരച്ചടിയേറ്റത്. പിന്നീട് അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെ പാകിസ്ഥാന്‍റെ സൂപ്പര്‍ 8 സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. ലോകകപ്പില്‍ കാനഡക്കും അ?ര്‍ലന്‍ഡിനുമെതിരെ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക