സന്നദ്ധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി കളിക്കാര്‍ക്കൊപ്പം അത്താഴവിരുന്ന് സംഘടിപ്പിച്ചാല്‍ അത് മനസിലാവുമെന്നും എന്നാല്‍ സ്വകാര്യചടങ്ങായി നടത്തിയത് തനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും റഷീദ് ലത്തീഫ്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനായി അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അരാധകരില്‍ നിന്ന് 25 ഡോളര്‍ വീതം പ്രവേശന ഫീസ് മേടിച്ച് ആരാധകര്‍ക്കൊപ്പം അത്താഴവിരുന്ന് നടത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനം. പാകിസ്ഥാന്‍ താരങ്ങളെ നേരില്‍ കാണാനും അവര്‍ക്ക് ആശംസയറിയിക്കാനും എന്ന പേരിലായിരുന്നും ഫീസ് ഈടാക്കി അത്താഴവിരുന്ന് സംഘടിപ്പിച്ചത്. പരിപാടിക്കെത്തുന്നവരില്‍ നിന്ന് 25 അമേരിക്കന്‍ ഡോളര്‍ വീതം ഫീസ് ഈടാക്കിയായിരുന്നു പ്രവേശനം.
പാക് ടീമിന്‍റെ നടപടിക്കെതിരെ മുന്‍ നായകന്‍ റഷീദ് ലത്തീഫ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഔദ്യോഗിക അത്താഴവിരുന്നായിട്ടല്ല പരിപാടി സംഘടിപ്പിച്ചതെന്നും ആരാധകരില്‍ നിന്ന് 25 ഡോളര്‍ വീതം പ്രവേശനഫീസ് ഇടാക്കി അത്താഴവിരുന്ന് സംഘടിപ്പിച്ചവരോട് ദൈവം പൊറുക്കട്ടെ എന്നും റഷീദ് ലത്തീഫ് എക്സ് പോസ്റ്റില്‍ പറഞ്ഞു. മറ്റൊരു ടീമും ഇത്തരത്തില്‍ ചെയ്യില്ലെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയായിരുന്നെങ്കില്‍ ആരാകും ഇതിനൊക്കെ മറുപടി പറയുകയെന്നും റഷീദ് ലത്തീഫ് ചോദിച്ചു.
സന്നദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താനായി കളിക്കാര്‍ക്കൊപ്പം അത്താഴവിരുന്ന് സംഘടിപ്പിച്ചാല്‍ അത് മനസിലാവുമെന്നും എന്നാല്‍ സ്വകാര്യചടങ്ങായി നടത്തിയത് തനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ലത്തീഫ് വ്യക്തമാക്കി. നാളെ എത്ര പൈസ നല്‍കിയാല്‍ കൂടെ വരാനാകുമെന്ന് പാക് കളിക്കാരോട് ആരെങ്കിലും ചോദിച്ചാല്‍ എന്ത് മറുപടി നല്‍കും. തന്‍റെ കാലത്തും ഇത്തരത്തില്‍ അത്താഴവിരുന്നുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഔദ്യോഗിക ചടങ്ങുകളായിരുന്നുവെന്നും ഇത്തരം അബദ്ധങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്ഥാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ലത്തീഫ് വ്യക്തമാക്കി.
ലോകകപ്പില്‍ നാളെ അമേരിക്കക്കെതിരെ ആണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഈ മാസം ഒമ്പതിനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം.
