ഈ വര്‍ഷം ടെസ്റ്റില്‍ പാക്കിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററും ആബിദാണ്. ഒമ്പത് ടെസ്റ്റില്‍ നിന്ന് 48.87 ശരാശരിയില്‍ 695 റണ്‍സാണ് ആബിദ് അടിച്ചെടുത്തത്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ബാറ്റര്‍ കൂടിയാണ് ആബിദ്.

ലാഹോര്‍: ബാറ്റിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാക് ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായ ആബിദ് അലിയെ(Abid Ali) ആന്‍ജിയോപ്ലാസ്റ്റിക് (Angioplasty) വിധേയനാക്കി. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആബിദിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഒരു സ്റ്റെന്‍ഡ് ഇടേണ്ടിവന്നുവെന്നും ചെറിയ ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തിന് ആശുപത്രി വിടാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണമെന്‍റായ ക്വയ്ദ്-ഇ-അസം ട്രോഫിയുടെ(Quaid-e-Azam Trophy) അവസാന റൗണ്ട് മത്സരത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി(Central Punjab) ബാറ്റ് ചെയ്യുന്നതിനിടെയാണ് 34കാരനായ ആബിദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഖൈബര്‍ പക്തുന്‍ക്വാക്കെതിരെ 61 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെ അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ട ആബിദ് ബാറ്റിംഗ് മതിയാക്കി ടീം മാനേജര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ ആബിദിനെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കി. പരിശോധനയില്‍ ആബിദിന് acute coronary syndrome ആണെന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടശേഷം തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആബിദ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നിന്നുള്ള താരമായ ആബിദ് ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും പാക്കിസ്ഥാന്‍റെ ടോപ് സ്കോററായിരുന്ന ആബിദ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സടച്ചു.

പാക്കിസ്ഥാന്‍ 2-0ന് പരമ്പര തൂത്തുവാരിയപ്പോള്‍ ആബിദായിരുന്നു പരമ്പരയിലെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം ടെസ്റ്റില്‍ പാക്കിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററും ആബിദാണ്. ഒമ്പത് ടെസ്റ്റില്‍ നിന്ന് 48.87 ശരാശരിയില്‍ 695 റണ്‍സാണ് ആബിദ് അടിച്ചെടുത്തത്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ബാറ്റര്‍ കൂടിയാണ് ആബിദ്.