നേരത്തെ പാകിസ്ഥാനുവേണ്ടി സൗദ് ഷക്കീലും മുഹമ്മദ് റിസ്‌വാനും(171) നേടിയ സെഞ്ചുറികളാണ് അതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 55 റണ്‍സോടെ മുഷ്ഫീഖുര്‍ റഹീമുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് ഇനി 132 റണ്‍സ് കൂടി മതി.

നേരത്തെ പാകിസ്ഥാനുവേണ്ടി സൗദ് ഷക്കീലും(141) മുഹമ്മദ് റിസ്‌വാനും(171) നേടിയ സെഞ്ചുറികളാണ് അതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്. 239 പന്തിലാണ് റിസ്‌വാന്‍ 171 റണ്‍സടിച്ചത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഓപ്പണര്‍ സാക്കിര്‍ ഹസനെ(12) നസീം ഷാ പുറത്താക്കി. 16 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(16) വീണതോടെ 53-2 എന്ന സ്കോറില്‍ പതറിയ ബംഗ്ലാദേശ് തകരുമെന്ന് കരുതിയെങ്കിലും ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും(93), മൊനിമുള്‍ ഹഖും(50) ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പ് അവരെ 150ന് അടുത്തെത്തിച്ചു.

ബിസിസിഐ സെക്രട്ടറിയായി ജയ് ഷാക്ക് പകരം ആരെത്തും; സാധ്യതയില്‍ ഇവര്‍ മുന്നില്‍

94 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് ഖുറാം ഷെഹ്സാദ് മൊനിമുളിനെ പുറത്താക്കിയെങ്കിലും ഷദ്മാന് പിന്തുണയുമായി മുഷ്ഫീഖുര്‍ ക്രീസിലുറച്ചതോടെ പാകിസ്ഥാന്‍റെ പിടി അയഞ്ഞു. സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ ഷദ്മാൻ ഇസ്ലാം(93) മൊഹമ്മദ് അലിയുടെ പന്തില്‍ പുറത്തായി. പിന്നാലെ ഷാക്കിബ് അല്‍ ഹസനെ(15) സയ്യിം അയൂബും വീഴ്ത്തിയതോടെ പാകിസ്ഥാന്‍റെ ലീഡ് പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 98 റണ്‍സടിച്ച ലിറ്റണ്‍ ദാസും മുഷ്ഫീഖുറും ചേര്‍ന്ന് ബംഗ്ലാദേശിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 316 റണ്‍സിലെത്തിച്ചു. പാകിസ്ഥാനുവേണ്ടി ഖുറാം ഷെഹ്സാദ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക