ചരിത്രനേട്ടവുമായി ബംഗ്ലാദേശ്, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ആധികാരിക ജയം; പരമ്പര തൂത്തുവാരി
ജയത്തോടെ രണ്ട് മത്സര പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റഅ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 40 റണ്‍സെടുത്ത ഓപ്പണര്‍ സാക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ 38 റണ്‍സടിച്ചു. സ്കോര്‍ പാകിസ്ഥാന്‍ 274, 172, ബംഗ്ലാദേശ് 262, 185-4.
ജയത്തോടെ രണ്ട് മത്സര പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം ക്രീസിലെത്തിയത്. തുടക്കത്തില്‍ തന്നെ സാക്കിര്‍ ഹസന്‍റെ(40) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ ഷദ്മാന്‍ ഇസ്ലാമിനെയും(24) വീഴ്ത്തി ഖുറാം ഷെഹ്സാദ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(38) മോനിമുള്‍ ഹഖും(34) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പാകിസ്ഥാന്‍റെ പിടി അയഞ്ഞു. ഇരുവരും പുറത്തായശേഷം മുഷ്ഫീഖുര്‍ റഹീമും(22), ഷാക്കിബ് അല്‍ഹസനും(21) ചേര്‍ന്ന് ബംഗ്ലാദേശിന്‍റെ ഐതിഹാസിക വിജയം പൂര്‍ത്തിയാക്കി.
Pakistan in the last 12 months:
— Mufaddal Vohra (@mufaddal_vohra) September 3, 2024
- Loss Vs Afghanistan in the World Cup.
- Lost Test series in Australia.
- Lost T20i series in NZ.
- T20i series draw with NZ.
- T20i series loss to England.
- Loss Vs USA in T20 WC.
- Lost the Test Series to Bangladesh at home. pic.twitter.com/fdArRsDDPb
മഴമൂലം ആദ്യ ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ നാലു ദിവസംകൊണ്ടാണ് ബംഗ്ലാദേശ് പാകിസ്ഥാനെ വീഴ്ത്തി ചരിത്രം തിരുത്തിയത്. ഇന്ത്യക്കെതിരെ ഈ മാസം 19 മുതല്‍ തുടങ്ങുന്ന രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശിന് ആത്മവിശ്വാസം നല്‍കുന്നതാണ് പരമ്പര വിജയം.നേരത്തെ വെസ്റ്റ് ഇന്‍ഡീസിലും(2-0), സിംബാബ്‌വെയിലും(1-0) പരമ്പര നേടിയ ബംഗ്ലാദേശിന്‍റെ മൂന്നാമത്തെ മാത്രം വിദേശ പരമ്പര നേട്ടമാണിത്. വിദേശത്ത് ബംഗ്ലാദേശ് ജയിക്കുന്ന എട്ടാമത്തെ മാത്രം ടെസ്റ്റ് ആണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക