ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട പാകിസ്ഥാൻ വിമർശനങ്ങളുടെ മുൾമുനയിൽ നിന്നാണ് മൂന്നാം പോരിനിറങ്ങുന്നത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് കാനഡയെ നേരിടും. രാത്രി എട്ടിന് ന്യൂയോർക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം. അമേരിക്കയോടും ഇന്ത്യയോടും പൊട്ടിപ്പാളീസായ പാകിസ്ഥാന് ടി20 ലോകകപ്പിൽ ജീവന്‍മരണ പോരാട്ടമാണ്. അട്ടിമറി വീരന്‍മാരായ അയർലൻഡിനെ തോൽപിച്ചെത്തുന്ന കാനഡയും ബാബർ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.

ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വൻവിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിർത്താൻ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പിൽ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോൽക്കുകയും ചെയ്താലേ പാകിസ്ഥാൻ സൂപ്പർ എട്ടിലെത്തൂ.

ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട പാകിസ്ഥാൻ വിമർശനങ്ങളുടെ മുൾമുനയിൽ നിന്നാണ് മൂന്നാം പോരിനിറങ്ങുന്നത്. ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഇന്നിംഗ്സുകൾ നിർണായകമാവും. മധ്യനിര അവസരത്തിനൊപ്പം ഉയരേണ്ടതും അനിവാര്യം. പാകിസ്ഥാനെ വീഴ്ത്തിയാൽ കാനഡയ്ക്കും സൂപ്പർ എട്ടിലേക്ക്
മോഹം നീട്ടാം.

ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിക്ക് കാരണം അമ്പയറുടെ പിഴവെന്ന് കുറ്റപ്പെടുത്തി ബംഗ്ലാദേശ് താരം

ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ പുതിയ പിച്ചിലായിരിക്കും മത്സരം. ഇതിന് മുൻപ് കാനഡുമായി ഏറ്റുമുട്ടിയ കളിയിൽ ജയം പാകിസ്ഥാനൊപ്പമായിരുന്നു. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ മത്സരങ്ങളെല്ലാം ലോ സ്കോറിംഗ് ത്രില്ലറുകളായിരുന്നുവെന്നതിനാല്‍ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ പാകിസ്ഥാന് പരിമിതികളുണ്ട്. ലോ സ്കോറിംഗ് മത്സരമായാല്‍ മത്സരഫലം എങ്ങനെയാവുമെന്ന് പ്രവചിക്കുകയും അസാധ്യമാണ്. അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡിനെ വീഴ്ത്തിയെത്തുന്ന കാനഡയെ പാകിസ്ഥാന് ഇന്ന് ലാഘവത്തോടെ കാണാനാവില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ഇന്നും ടോസ് നിര്‍ണായകമാകും.കാനഡ കഴിഞ്ഞാല്‍ അയര്‍ലന്‍ഡാണ് അവസാന മത്സരത്തില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക