മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 176 റണ്‍സോടെ റൂട്ടും 141 റണ്‍സോടെ ബ്രൂക്കും ക്രീസിലുണ്ട്.

മുള്‍ട്ടാൻ: പാകിസ്ഥാനെതിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ നിലയില്‍. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 556 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന ശക്തമായ നിലയിലാണ്. 96-1 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ടും ഹാരി ബ്രൂക്കും നേടിയ സെഞ്ചുറികളാണ് കരുത്തായത്.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 176 റണ്‍സോടെ റൂട്ടും 141 റണ്‍സോടെ ബ്രൂക്കും ക്രീസിലുണ്ട്. 85 പന്തില്‍ 78 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോളിയുടെയും 75 പന്തില്‍ 84 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്‍റെയും വിക്കറ്റുകകളാണ് ഇംഗ്ലണ്ടിന് മൂന്നാം ദിനം നഷ്ടമായത്. രണ്ട് ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിനിനി 64 റണ്‍സ് കൂടി മതി. നാാലം ദിനം 200 റണ്‍സിന് മേല്‍ ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക.

Scroll to load tweet…

പിച്ച് ബാറ്റിംഗിന് അനുകൂലമെങ്കിലും അവസാന ദിനം പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ വിജയം അടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് താരങ്ങള്‍ തകര്‍ത്തടിച്ചപ്പോള്‍ ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത പിച്ചില്‍ പാക് ബൗളര്‍മാര്‍ വെറും കാഴ്ച്ചക്കാരായി. രണ്ടാം ദിനം തുടക്കത്തിലെ സാക് ക്രോളിയെ നഷ്ടമായെങ്കിലും ജോ റൂട്ടും ബെന്‍ ഡക്കറ്റും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ 249 റണ്‍സിലത്തിച്ചു. ഡക്കറ്റിനെ വീഴ്ത്തിയ അമീര്‍ ജമാല്‍ പാകിസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും പിന്നീടെത്തിയ ഹാരി ബ്രൂക്ക് റൂട്ടിനൊപ്പം നിലയുറപ്പിച്ചതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. ഇന്ന് മാത്രം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് 396 റൺസടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക