നഗരത്തില്‍ ഉത്സവം; പാകിസ്ഥാന്റെ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് നേരില്‍ കാണാനാവില്ല! സ്ഥിരീകരിച്ച് ബിസിസിഐ
മത്സരം നേരിട്ട് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സാധിക്കില്ല. സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു.

ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച്ചയാണ് തുടക്കമാവുന്നത്. അന്ന് മൂന്ന് മത്സരങ്ങളാണുള്ളത്. ഗുവാഹത്തിയില്‍ ബംഗ്ലാദേശ്, ശ്രീലങ്കയെ നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെയും നേരിടും. അന്നുതന്നെ പാകിസ്ഥാനും ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നുണ്ട്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരത്തെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നത്.
മത്സരം നേരിട്ട് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സാധിക്കില്ല. സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ബിസിസിഐ വിശദീകരിക്കുന്നതിങ്ങനെ... ''പ്രാദേശിക സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം അനുസരിച്ച്, 29ന് നടക്കുന്ന പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് ലോകകപ്പ് സന്നാഹ മത്സരം അടച്ചിട്ട വേദിയില്‍ മാത്രമെ നടത്താന്‍ സാധിക്കൂ. അന്നേ ദിവസം ഹൈദരാബാദ് നഗരത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വലിയ ജയക്കൂട്ടം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. മത്സരത്തിന്‍ മുന്‍കൂട്ടിയെടുത്ത ടിക്കറ്റെടുത്തവര്‍ക്ക് പൈസ റീഫണ്ട് ചെയ്തുകൊടുക്കും.'' ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, സന്നാഹ മത്സരത്തിനായി ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഗുവാഹത്തിയിലാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക. ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരേയും ഇന്ത്യ കളിക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയിത്തിലാണ് മത്സരം.
ഇന്ത്യയുടെ ലോകകപ്പ് സക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ, ജസ്പ്രിത് ബുമ്ര.