രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 129 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ പാക്കിസ്ഥാനുവേണ്ടി അപരാജിത സെഞ്ചുറിയുമായി പൊരുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാനാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

റാവല്‍പിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിനായി പൊരുതുന്നു. 370 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്.

59 റണ്‍സുമായി ഏദന്‍ മാര്‍ക്രവും 48 റണ്‍സോടെ റാസി വാന്‍ ഡര്‍ ദസ്സനുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം ജയത്തിനായി ദക്ഷിണാഫ്രിക്ക 243 റണ്‍സ് വേണം. 17 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.

രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 129 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ പാക്കിസ്ഥാനുവേണ്ടി അപരാജിത സെഞ്ചുറിയുമായി പൊരുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാനാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

115 റണ്‍സുമായി റിസ്‌വാന്‍ പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്ത് പത്താമനായി ക്രീസിലെത്തിയ നൗ വ്‌മാന്‍ അലി(45), യാസിര്‍ ഷാ(23), ഫഹീം അഷ്റഫ്(29) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കക്കുവേണ്ടി ജോര്‍ജ് ലിന്‍ഡെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ് മൂന്നും റബാദ രണ്ടും വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ജയിച്ചിരുന്നു.