കറാച്ചി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാരായ ഷാന്‍ മസൂദ്, ആബിദ് അലി എന്നിവരുടെ സെഞ്ചുറിക്കൂട്ടുകെട്ടാണ് പാകിസ്ഥാന് മേധാവിത്വം നല്‍കിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 395-2 എന്ന സ്‌കോറിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന് 315 റണ്‍സ് ലീഡായി. സ്റ്റംപെടുക്കുമ്പോള്‍ അഷര്‍ അലിയും(57*), ബാബര്‍ അസമുവാണ്(22*) ക്രീസില്‍. 

മൂന്നാംദിനം 57/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഷാന്‍ മസൂദും ആബിദ് അലിയും സെഞ്ചുറി തികച്ചു. 69-ാം ഓവറില്‍ ലഹിരു കുമാരയുടെ പന്തില്‍ ഷാന്‍ മസൂദ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. മസൂദ് 198 പന്തില്‍ 135 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ പിറന്നത് 278 റണ്‍സ്. രണ്ടാമനായി പുറത്തായ ആബിദ് അലി 281 പന്തില്‍ 174 റണ്‍സടിച്ചു. ഈ വിക്കറ്റും ലഹിരു കുമാരയ്‌ക്കായിരുന്നു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 191 റണ്‍സില്‍ പുറത്തായിരുന്നു. ബാബര്‍ അസമും(60), അസാദ് ഷഫീഖും(63) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ലീഡ് നേടിയെങ്കിലും ലങ്കയ്‌ക്ക് 271 റണ്‍സേ എടുക്കാനായുള്ള. ലങ്കന്‍ നിരയില്‍ ആരും അര്‍ധ സെഞ്ചുറി നേടാതിരുന്നപ്പോള്‍ അഞ്ച് വിക്കറ്റുമായി ഷഹീന്‍ അഫ്രിദിയും നാല് വിക്കറ്റുമായി മുഹമ്മദ് അബാസും തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിംഗ്‌സില്‍ വമ്പന്‍ തിരിച്ചുവരവാണ് പാകിസ്ഥാന്‍ ടീം കാഴ്‌ചവെക്കുന്നത്.