Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: പാക്കിസ്ഥാന്‍ ഈ ആഴ്ച നാട്ടില്‍ തിരിച്ചെത്തും, ഇന്ത്യ അടുത്ത ആഴ്ചയും; പ്രവചനവുമായി അക്തര്‍

സെമി പോലും എത്താതെ പാക്കിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇന്ത്യ സെമിയിലെത്തുമെങ്കിലും സെമിയില്‍ തോറ്റ് അടുത്ത ആഴ്ട നാട്ടിലെത്തും. ഇന്ത്യ, തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമൊന്നുമല്ലെന്നും ഈ പാക് ടീമില്‍ തനിക്ക് വിശ്വാസം നഷ്ടമായെന്നും അക്തര്‍ പറഞ്ഞു.

 

Pakistan will come back this week. And India will come back next week says Shoaib Akhtar
Author
First Published Oct 28, 2022, 12:59 PM IST

ലാഹോര്‍: ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമിയിലെത്തില്ലെന്നും ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ പാക്കിസ്ഥാന്‍ നാട്ടില്‍ തിരിച്ചെത്തുമെന്നും മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം സെമിയിലെത്തുമെങ്കിലും സെമിയില്‍ തോറ്റ് അടുത്ത ആഴ്ച തന്നെ നാട്ടിലെത്തുമെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍റെ ഓപ്പണര്‍മാരും മധ്യനിരയും രാജ്യാന്തര തലത്തില്‍ കളി ജയിപ്പിക്കാന്‍ പോന്നവരല്ലെന്ന് താന്‍ എത്രയോവട്ടം പറഞ്ഞതാണെന്നും അക്തര്‍ പറഞ്ഞു. ഞാനിനി എന്ത് പറയാനാണ്. പാക്കിസ്ഥാന് വളരെ മോശം ക്യാപ്റ്റനാണുള്ളത്. രണ്ടാം മത്സരത്തില്‍ തന്നെ പാക്കിസ്ഥാന്‍ സിംബാബ്‌വെയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നു. ബാബര്‍ അസം വണ്‍ ഡൗണായി ബാറ്റ് ചെയ്യണമെന്ന് പലതവണ പറഞ്ഞു. പക്ഷെ അദ്ദേഹം കേട്ടില്ല. ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്നെസ് ആണ് മറ്റൊരു പ്രശ്നം. അതുപോലെ ക്യാപ്റ്റന്‍സിയും ടീം മാനേജ്മെന്‍റും എല്ലാം പ്രശ്നമാണ്.

സിംബാബ്‌വെക്കെതിരായ തോല്‍വി, പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായോ?; ഇനിയുള്ള സാധ്യതകള്‍

എന്തു തരം ക്രിക്കറ്റാണ് അവര്‍ കളിക്കുന്നത്. ദൈവം സഹായിച്ചിട്ട് അവര്‍ സിംബാബ്‌വെയോട് തോറ്റു. എന്നിട്ടും പാക് ക്രിക്കറ്റ് തകര്‍ച്ചയിലാണെന്ന് മനസിലാക്കാനുള്ള ബുദ്ധി പാക് ടീം മാനേജ്മെന്‍റിനോ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനോ ഇല്ല. നാലു ബൗളര്‍മാരുമായാണ് നമ്മള്‍ കളിക്കേണ്ടത്. എന്നാല്‍ മൂന്ന് പേസര്‍മാര്‍ മാത്രമെ നമ്മുടെ ഇലവനിലുള്ളു. അതുപോലെ മധ്യനിരയും ശരിയല്ല. ആരൊകക്കെയോ ആണ് ടീമിലെടുക്കുന്നത്. ഫീല്‍ഡിംഗ് നിയന്ത്രണം ഫലപ്രദമായി ഉപയോഗിക്കാനറിയുന്ന മികച്ച രണ്ട് ഓപ്പണര്‍മാരെയാണ് നമുക്ക് വേണ്ടത്. മികച്ച ബാക്ക് ഫൂട്ട് കളിക്കാരനായ ഫഖര്‍ സമന്‍ അവിടെ വെറുതെ ഇരിക്കുന്നു. വലിയ നാണക്കേടാണിത്. നിങ്ങള്‍ക്ക് മാധ്യമങ്ങളെ കാണേണ്ടല്ലോ, ഞങ്ങളല്ലെ അവരെ കാണേണ്ടതും ഉത്തരം പറയേണ്ടതും.

മിസ്റ്റര്‍ ബീന്‍ പരാമര്‍ശം; സിംബാബ്‌വെ പ്രസിഡന്‍റിന്‍റെ വായടപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യക്കെതിരായ കളി നമ്മള്‍ ജയിച്ചതായിരുന്നു. തളികയില്‍ വെച്ചപോലെ വിജയം വെച്ചു തന്നതായിരുന്നു. എന്നിട്ട് നവാസിന് അവസാന ഓവര്‍ നല്‍കി വിജയം നമ്മള്‍ കൈവിട്ടു. അവസാന ഓവര്‍ എറിയേണ്ട ബൗളറല്ല നവാസ്. തീര്‍ത്തും നിരാശാജനകമാണിത്. സെമി പോലും എത്താതെ പാക്കിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇന്ത്യ സെമിയിലെത്തുമെങ്കിലും സെമിയില്‍ തോറ്റ് അടുത്ത ആഴ്ട നാട്ടിലെത്തും. ഇന്ത്യ, തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമൊന്നുമല്ലെന്നും ഈ പാക് ടീമില്‍ തനിക്ക് വിശ്വാസം നഷ്ടമായെന്നും അക്തര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios