ടെസ്റ്റില്‍ ഒന്നാകെ ഒമ്പത് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ പാകിസ്ഥാന്‍ 0-1ന് മുന്നിലെത്തി. 

ഹരാരെ: സിംംബാബ്‌വെയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ജയം. ഹരാരെ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 116 റണ്‍സിനുമാണ് സന്ദര്‍ശകര്‍ ജയിച്ചു. സ്‌കോര്‍: സിംബാബ്‌വെ 176 & 134. പാകിസ്ഥാന്‍ 426. ടെസ്റ്റില്‍ ഒന്നാകെ ഒമ്പത് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ പാകിസ്ഥാന്‍ 0-1ന് മുന്നിലെത്തി. 

സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 176നെതിരെ പാകിസ്ഥാന്‍ 426 റണ്‍സാണ് നേടിയത്. 140 റണ്‍സ് നേടിയ ഫവാദ് ആലം പാകിസ്ഥാന് തുണയായി. 20 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു വെറ്ററന്‍ താരത്തിന്റെ ഇന്നിങ്‌സ്. ഇമ്രാന്‍ ബട്ട് (91), ആബിദ് അലി (60), മുഹമ്മദ് റിസ്‌വാന്‍ (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുസറബാനി ആതിഥേയര്‍ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഡൊണാള്‍ഡ് തിരിപാനോയ്ക്ക് മൂന്ന് വിക്കറ്റുണ്ട്. 

പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ 251 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ കേവലം 134 റണ്‍സിന് സിംബാബ്‌വെ പുറത്തായി. 43 റണ്‍സ് നേടിയ തരിസയ് മുസകന്‍ഡയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. നൗമാന്‍ അലി രണ്ട് വിക്കറ്റ് നേടി.