164 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ 100 വിജയങ്ങള്‍ സ്വന്തമാക്കിയത്. 137 മത്സരങ്ങളില്‍ 85 വിജയങ്ങളുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 

ലാഹോര്‍: ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ റെക്കോഡ് ബുക്കില്‍ ഇടം നേടി പാകിസ്ഥാന്‍ ടീം. ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമായിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയതോടെയാണ് പാകിസ്ഥാനെ തേടി വിലപ്പെട്ട നേട്ടമെത്തിയത്. 164 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ 100 വിജയങ്ങള്‍ സ്വന്തമാക്കിയത്. 137 മത്സരങ്ങളില്‍ 85 വിജയങ്ങളുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാനേക്കാള്‍ (63) കൂടുതല്‍ വിജയശതമാനം ഇന്ത്യയുടെ (65.03) പേരിലാണ്. 

Scroll to load tweet…

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ ഏഴിന് 65 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറിന്റെ (45 പന്തില്‍ 85) പ്രകടനമാണ് രക്ഷപ്പെടുത്തിയത്. അഞ്ച് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. ജന്നെമന്‍ മലാന്‍ (27), റീസ ഹെന്‍ഡ്രിക്‌സ് (2), ജെ ജെ സ്മട്ട്‌സ് (1), പിറ്റ് വാന്‍ ബില്‍ജോന്‍ (16), ഹീന്റിച്ച് ക്ലാസന്‍ (0), ഫെഹ്ലുക്വായോ (0), പ്രിട്ടോറിയൂസ് (9), ഫോര്‍ട്വിന്‍ (10) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സ്‌കോറുകള്‍. ലുതോ സിംപാല (8) മില്ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. പാകിസ്ഥാനായി സാഹിദ് മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസ്, ഹസന്‍ അലി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ (42)- ഹൈദര്‍ അലി (15) എന്നിവര്‍ മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹൈദര്‍ നേരത്തെ പുറത്തായെങ്കിലും മൂന്നാമനായെത്തിയ ബാബര്‍ അസം (44) അക്രമിച്ച് കളിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ റിസ്‌വാന്‍, ഹുസൈന്‍ താലത് (5), ബാബര്‍ അസം, ആസിഫ് അലി (7) ഹഫീം അഷ്‌റഫ് (10) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. 

അവസാന രണ്ടോവറില്‍ 15 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഫെഹ്ലുക്വായോ എറിഞ്ഞ 19-ാം ഓവറില്‍ മത്സരത്തിന് ഫലമുണ്ടായി. ആദ്യ നാല് പന്തില്‍ തന്നെ 20 റണ്‍സടിച്ച് മുഹമ്മദ് നവാസ് (18)- ഹസന്‍ അലി (20) എന്നിവര്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. നാലാം പന്തില്‍ സിക്‌സടിച്ചാണ് പാകിസ്ഥാന്‍ വിജയം പൂര്‍ത്തിയാക്കിയത്. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി.