ഐസിസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിസിബി നവാസിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ ഫലം ഉടൻ തന്നെ ഐസിസിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് പിസിബി വക്താവ് വ്യക്തമാക്കി.

കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നവാസ് ഉത്തേജക മരുന്ന് വിവാദത്തിൽ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി20 ലോകകപ്പിനിടെ ഐസിസി ശേഖരിച്ച നവാസിന്‍റെ സാംപിളുകളിലാണ് നിരോധിത ലഹരിവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിൽ പാകിസ്ഥാൻ കളിച്ച ഏഴ് മത്സരങ്ങളിലും നവാസ് ടീമിലുണ്ടായിരുന്നു. 32-കാരനായ നവാസ് 98 രാജ്യാന്തര ടി20 മത്സരങ്ങളിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഐസിസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിസിബി നവാസിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ ഫലം ഉടൻ തന്നെ ഐസിസിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് പിസിബി വക്താവ് വ്യക്തമാക്കി. മെയ് 26 മുതൽ ജൂലൈ 18 വരെ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ സറേയ്ക്കായി കളിക്കാൻ നവാസുമായി കരാറിലെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പിസിബി താരത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നൽകി. എന്നാൽ പരിശോധനാ ഫലം പുറത്തുവന്നതോടെ ഇംഗ്ലീഷ് ക്ലബ്ബ് കരാർ റദ്ദാക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കാൻ സറേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

അന്വേഷണം പുരോഗമിക്കുമ്പോഴും പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന് വേണ്ടി നവാസ് കളിക്കാനിറങ്ങുന്നുണ്ട്. ചൊവ്വാഴ്ച രാത്രി റാവൽപിണ്ടിസിനെതിരെ കറാച്ചിയിൽ നടന്ന മത്സരത്തിലും നവാസ് മൂന്ന് ഓവർ പന്തെറിഞ്ഞിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ഐസിസിയുടെ കടുത്ത അച്ചടക്ക നടപടികൾക്കും ദീർഘകാല വിലക്കിനും താരം വിധേയനാകേണ്ടി വരും. ഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക