കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ആശ്വാസം ജയം തേടിയിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നേടിയ 150 റണ്‍സാണ്. 32-ാം ഓവറില്‍ 152/5 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് അപരാജിത കൂട്ടുകെട്ടിലൂടെ 300 കടത്തി.

കരുതലോടെ തുടങ്ങിയ ഇരുവരും ആദ്യം ഇന്ത്യയെ 200 കടത്തി. പിന്നീട് അവസാന പത്തോവറില്‍ 110 റണ്‍സ് അടിച്ചുകൂട്ടി 300 കടത്തി. ഈ ബാറ്റിംഗ് വെടിക്കെട്ടിനിടെ ഇരുവരും 21 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡും മറികടന്നു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.

1999ല്‍ റോബിന്‍ സിംഗും സദഗോപന്‍ രമേശും ചേര്‍ന്ന് നേടിയ 123 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇരുവരും ഇന്ന് കാന്‍ബറയില്‍ തിരുത്തിയെഴുതിയത്. ഇതിന് പുറമെ ഓസ്ട്രേലിയയില്‍ ആറാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെയാണ്.

2005ല്‍ മൈക്ക് ഹസിയും ഷെയ്ന്‍ വാട്സണും ചേര്‍ന്ന് നേടിയ 145 റണ്‍സായിരുന്നു ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടു. മത്സരത്തില്‍ 76 പന്തില്‍ 92 റണ്‍സുമായി പാണ്ഡ്യയും 50 പന്തില്‍ 66 റണ്‍സുമായി ജഡേജയും പുറത്താകാതെ നിന്നു.