ബറോഡ: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെയും എം എസ് ധോണിയെയും താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. അടുത്തിടെ സ്റ്റാര്‍ സ്പോര്‍ട്സ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഗാംഗുലിയെ നേരിയ വ്യത്യാസത്തില്‍ പിന്തള്ളി ധോണി ഒന്നാമതത്തെയിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുക്കവെ ധോണിയെയും ഗാംഗുലിയെയും പാര്‍ഥിവ് താരതമ്യം ചെയ്തത്.

ഇരു ക്യാപ്റ്റന്‍മാരും തമ്മിലുള്ള താരതമ്യം  സാധുതയുള്ളതാണെന്ന് പാര്‍ഥിവ് പറഞ്ഞു. ഒരു ക്യാപ്റ്റന്‍ നിരവധി കിരീടങ്ങള്‍ നേടി, മറ്റെയാള്‍ ടീം കെട്ടിപ്പടുത്തു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിസന്ധികാലത്ത് ടീമിനെ വിജയകരമായി നയിച്ച നായകനാണ് ഗാംഗുലിയെന്നും പാര്‍ഥിവ് പറഞ്ഞു. പ്രതിസന്ധികാലത്ത് ടീം കെട്ടിപ്പടുക്കുകയും  വിദേശത്ത് വിജയങ്ങള്‍ നേടുകയും ചെയ്ത നായകനാണ് ഗാംഗുലി. അതിന് മുമ്പ് വിദേശത്ത് വലിയ വിജയങ്ങള്‍ നേടിയിട്ടില്ല. ഹെഡിംഗ്‌ലിയിലും ഓസ്ട്രേലിയയിലും പാക്കിസ്ഥാനിലുമെല്ലാം നമ്മള്‍ വിജയങ്ങള്‍ നേടി.


ധോണിയെക്കുറിച്ച് പറയുമ്പോള്‍ നിരവധി കിരീടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനായിട്ടുണ്ട്. എങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ ദാദയ്ക്കെ വോട്ടു ചെയ്യുകയുള്ളു. കാരണം, പ്രതിസന്ധിഘട്ടത്തില്‍ ടീമിനെ കെട്ടിപ്പടുത്തത് അദ്ദേഹമാണ്-പാര്‍ഥിവ് പറഞ്ഞു.

അതേസമയം, തന്റെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ എം എസ് ധോണിയാണെന്ന് പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പറഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനവും മത്സരം ജയിപ്പിക്കാനുള്ള കഴിവുമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ധോണിയെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമ്രാന്‍ വ്യക്തമാക്കി. കരിയറിലുടനീളം 50ന് മുകളില്‍ ബാറ്റിംഗ് ശരാശരി നിലനിര്‍ത്തി എന്നത് തന്നെ ധോണിയുടെ മികവിന്റെ അടയാളമാണെന്നും കമ്രാന്‍ പറഞ്ഞു.