ഐപിഎൽ മത്സരത്തിൽ എബിഡിയുടെ വിക്കറ്റെടുക്കുന്ന വീഡിയോ ആശംസയ്‌ക്കൊപ്പം ചേര്‍ത്തതാണ് ആരാധകരുടെ ട്രോളിന് കാരണം 

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിന്(Ab de Villiers) ആശംസകളുമായി ട്വിറ്ററിലെത്തിയ ഇന്ത്യന്‍ മുന്‍ പേസര്‍ പര്‍വ്വീന്ദര്‍ അവാന(Parvinder Awana) പുലിവാല്‍ പിടിച്ചു. ട്വീറ്റിനൊപ്പമുള്ള വീഡിയോ ആണ് തിരിച്ചടിച്ചത്. 

360 ഡിഗ്രി ഷോട്ടുകളുമായി ആധുനിക ക്രിക്കറ്റിലെ വിസ്‌മയമാണ് എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം വിരമിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പര്‍വ്വീന്ദര്‍ അവാന ആശംസകളുമായി ട്വിറ്ററിലെത്തിയത്. എബിഡി ക്രിക്കറ്റിന് നൽകിയ സംഭാവനകള്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നായിരുന്നു കുറിപ്പ്. ട്വീറ്റിനൊപ്പം ഐപിഎൽ മത്സരത്തിൽ എബിഡിയുടെ വിക്കറ്റെടുക്കുന്ന വീഡിയോ അവാന പങ്കുവെച്ചത് ട്രോളായി മാറി. 

രണ്ട് അന്താരാഷ്ട്ര ടി20 മാത്രം കളിക്കുകയും ഒരു വിക്കറ്റ് പോലും നേടാതെ 36 പന്തില്‍ 71 റൺസ് വഴങ്ങുകയും ചെയ്‌ത അവാന ഇതിഹാസ താരത്തെ കളിയാക്കിയത് ആരാധകര്‍ക്ക് സഹിച്ചില്ല. അവാനയുടെ ട്വീറ്റിന് താഴെ നൂറുകണക്കിന് പേരാണ് പ്രതിഷേധം അറിയിക്കുന്നത്. അവാനയ്ക്കെതിരെ ഡിവില്ലിയേഴ്‌സ് സിക്‌സര്‍ പറത്തുന്നതിന്‍റെയും സുരേഷ് റെയ്‌ന ഒരോവറില്‍ 33 റൺസ് അടിക്കുന്നതിന്‍റെയും ദൃശ്യങ്ങളും മറുപടിയായി വരുന്നുണ്ട്.

ന്യൂസിലന്‍ഡിനെ തോൽപ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് തടിതപ്പാന്‍ അവാന നോക്കിയെങ്കിലും ആരാധകര്‍ പൊറുത്തിട്ടില്ല. ട്വിറ്ററില്‍ നിരവധി ട്രോളുകളാണ് അവാനയ്‌ക്കെതിരെ പ്രത്യക്ഷപ്പെട്ടത്. 

Scroll to load tweet…

സൂപ്പര്‍മാന്‍ എബിഡി 

ഐപിഎല്‍ ഉള്‍പ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് 37 വയസുകാരനായ എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എബിഡി 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്‍റെ(ആര്‍സിബി) താരമായിരുന്നു. ആര്‍സിബിക്ക് മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിലാണ് താരം കളിച്ചത്. ഐപിഎല്‍ കരിയറിലാകെ 184 മത്സരങ്ങളില്‍ 5162 റണ്‍സ് പേരിലെഴുതി. 

ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റും 228 ഏകദിനവും 78 രാജ്യാന്തര ടി20കളും 'മിസ്റ്റര്‍ 360' കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സും ഏകദിനത്തില്‍ 53.5 ശരാശരിയില്‍ 9577 രാജ്യാന്തര ടി20യില്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും അടിച്ചുകൂട്ടി. ഇതിനൊപ്പം വിക്കറ്റ് കീപ്പറായും തകര്‍പ്പന്‍ ഫീല്‍ഡറായും സമ്പൂര്‍ണ ക്രിക്കറ്റര്‍ എന്ന് പേരെടുത്താണ് എബിഡി 17 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ടത്. 

IND vs NZ | ടി20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ, ആശ്വാസം തേടി ന്യൂസിലന്‍ഡ്; മത്സരം ഇന്ന് കൊല്‍ക്കത്തയില്‍