സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തോടെ നീതി കാണിക്കുന്ന പ്രകടനം. ഈ പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് മാത്രം 14 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. ഇന്ന് നാല് വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. 

ഇന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായിരുന്ന ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതും കമ്മിന്‍സ് ആയിരുന്നു. ടെസ്റ്റ് കരിയറില്‍ ഒന്നാകെ ആറാം തവണയാണ് കമ്മിന്‍സ് പൂജാരയെ പുറത്താക്കുന്നത്. ഈ പരമ്പരയില്‍ മാത്രം നാല് തവണ പൂജാര കമ്മിന്‍സിന് മുന്നില്‍ കീഴടങ്ങി. അഡ്‌ലെയ്ഡിലെ പിങ്ക് പന്ത് ടെസ്റ്റിലാണ് ഈ പരമ്പരയില്‍ ആദ്യമായി പൂജാര കുടുങ്ങിയത്. മെല്‍ബണില്‍ രണ്ട് തവണയും കമ്മിന്‍സാണ് മടക്കിവിട്ടത്. ഇപ്പോള്‍ സിഡ്‌നിയിലും. 

ഈ പരമ്പരയില്‍ നാല് തവണ പുറത്താക്കിയതോടെ കമ്മിന്‍സ് പൂജാരയ്‌ക്കെതിരെ ഒരു റെക്കോഡ് കൂടി സ്വന്തമാക്കി. ഒരു പരമ്പരയില്‍ പൂജാരയെ നാല് തവണ പുറത്താക്കുന്ന ആദ്യ ബൗളറായിരിക്കുകയാണ് കമ്മിന്‍സ്. 2018-19ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്ന സമയത്ത് രണ്ട് തവണയും പൂജാരയെ കമ്മിന്‍സ് കൂടുക്കിയിരുന്നു. ഇന്ന് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്.