ഓവല്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് 29 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്‌ത്തിയത്. വമ്പന്‍ പ്രകടനവുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും താരത്തിനായി. ഇതോടെ ഒരു അപൂര്‍വ നേട്ടത്തിലെത്തിയ കമ്മിന്‍സ് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു.

ഒരു ആഷസ് പരമ്പരയില്‍ അഞ്ച് വിക്കറ്റ് നേട്ടമില്ലാതെ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്യുന്ന ബൗളറെന്ന നേട്ടത്തിലാണ് കമ്മിന്‍സ് ഇടംപിടിച്ചത്. 1977-78 ആഷസ് സീരിസില്‍ 28 വിക്കറ്റ് നേടിയ ഓസീസ് പേസര്‍ വെയ്‌ന്‍ ക്ലാര്‍ക്കിന്‍റെ റെക്കോര്‍ഡാണ് കമ്മിന്‍സിന് മുന്നില്‍ തകര്‍ന്നത്. 

ഇംഗ്ലണ്ടില്‍ 2001ല്‍ ആഷസ് നേടിയപ്പോള്‍ 31 വിക്കറ്റ് നേടിയ ഗ്ലെന്‍ മഗ്രാത്തിന് ശേഷം വിദേശ മണ്ണില്‍ ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഓസീസ് ബൗളറാണ് കമ്മിന്‍സ്. ആദ്യ ടെസ്റ്റില്‍ ഏഴ്, രണ്ടാം ടെസ്റ്റില്‍ ആറ്, മൂന്നാം ടെസ്റ്റില്‍ നാല്, നാലാം ടെസ്റ്റില്‍ ഏഴ്, അവസാന ടെസ്റ്റില്‍ അഞ്ച് എന്നിങ്ങനെയാണ് ഈ ആഷസില്‍ കമ്മിന്‍സിന്‍റെ ബൗളിംഗ് പ്രകടനം.