അടുത്ത ഐപിഎല്‍ സീസണില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ദേശീയ ടീമിലെ തിരക്കുകൾ കാരണം പിന്മാറിയേക്കും. കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ഹൈദരാബാദിനെ നയിച്ചേക്കും.
ഹൈദരാബാദ്: അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്ന് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ ടീമില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനം. ടീം മാനേജ്‌മെന്റുമായി ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആഷസ് പരമ്പരയിലും ശ്രദ്ധിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ജനുവരിയിലാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുക. മാര്‍ച്ചിലാണ് ആഷസ്. നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഏകദിന ലോകകപ്പ് നടക്കുക. കഴിഞ്ഞ സീസണിലെ ഐപിഎല്ലി കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് മൂന്നും സ്ഥാനത്ത് എത്തിയിരുന്നു.
സീസണില്‍ പകുതി മത്സരങ്ങള്‍ ആയപ്പോഴാണ് ഇത്തവണ കമ്മിന്‍സ് നയിക്കാനെത്തിയത്. അതുവരെ ഇഷാന്‍ കിഷനായിരുന്നു ടീമിനെ നയിച്ചിരുന്നത്. കമ്മിന്‍സിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഇഷാന്‍ കിഷന്‍ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചിരുന്നു. അന്ന് കിഷനെ മാറ്റരുതെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ഭജന്‍ സിംഗ് പറഞ്ഞതിങ്ങനെയായിരുന്നു... ''ടീം ഇപ്പോള്‍ കിഷന്റെ കീഴില്‍ കൃത്യമായ ഒരു താളം കണ്ടെത്തിയിട്ടുണ്ട്. ബൗളര്‍മാരും മറ്റ് കളിക്കാരും കിഷനുമായി നല്ല ഏകോപനത്തിലാണ്. അതുകൊണ്ട് തന്നെ യുവനേതൃത്വത്തെ പിന്തുണയ്ക്കുന്നതാണ് ടീമിന് ഗുണകരം.'' ഹര്‍ഭജന്‍ വ്യക്തമാക്കി.
മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറും ഇതേ നിലപാടാണ് പങ്കുവെച്ചത്. കിഷന്റെ തന്ത്രപരമായ തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു... ''ഏത് ബാറ്റര്‍ക്കെതിരെ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് കിഷന് കൃത്യമായ ബോധ്യമുണ്ട്. മൈതാനത്ത് ഒട്ടും പരിഭ്രമിക്കാതെ പക്വതയോടെയാണ് കിഷന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. നടുവിനേറ്റ പരിക്കിന് ശേഷം തിരിച്ചെത്തുന്ന കമ്മിന്‍സിന് സീസണിലുടനീളം പൂര്‍ണ്ണ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.'' ബംഗാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ കമ്മിന്‍സ് ഇല്ലെങ്കിലും കിഷന്‍ ഹൈദരാബാദിനെ നയിച്ചേക്കും.

