256 പന്തിൽ നിന്ന് 23 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് നിസങ്കയുടെ മിന്നുന്ന ഇന്നിങ്സ്
ഗാൾ (ശ്രീലങ്ക): ബംഗ്ലാദേശിന്റെ കൂറ്റൻ സ്കോറിന് മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 386 റൺസ് എടുത്തു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 495 റൺസിന് എല്ലാവരും പുറത്തായി. 187 റൺസെടുത്ത പാത്തും നിസങ്കയാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.
256 പന്തിൽ നിന്ന് 23 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് നിസങ്കയുടെ മിന്നുന്ന ഇന്നിങ്സ്. ദിനേഷ് ചാണ്ഡിമൽ (57), ലാഹിരു ഉദാര (29), എയ്ഞ്ചലോ മാത്യൂസ് (39) എന്നിവർ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നജ്മുൽ ഹൊസെയ്ൻ ഷാന്റോ (148), മുഷ്ഫിഖുർ റഹിം (163) എന്നിവരുടെ സെഞ്ച്വറിയുടെയും ലിട്ടൺ ദാസിന്റെ (90) അർധ സെഞ്ച്വറിയുടെയും സഹായത്തോടെയാണ് കൂറ്റൻ സ്കോറിലെത്തിയത്.
ലങ്കക്ക് വേണ്ടി അസിതാ ഫെർണാണ്ടോ നാല് വിക്കറ്റും മിലൻ രത്നായക, താരിന്ദു രത്നായകെ എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
