Asianet News MalayalamAsianet News Malayalam

പാക് ടീം മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍; മുഹമ്മദ് ആമിര്‍ ക്രിക്കറ്റ് മതിയാക്കി

പ്രസ് റിലീസിലൂടെയാണ് 28കാരനായ ആമിര്‍ വിരമിക്കാന്‍ തീരുമാനിച്ചെന്നുള്ള കാര്യം പിസിബി പുറത്തുവിട്ടത്. നേരത്തെ, ഈ മാനേജ്മെന്റിന് കീഴില്‍ ക്രിക്കറ്റ് കളിക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ലെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു.

PCB confirmed that Mohammad Amir has stepped down from cricket
Author
Islamabad, First Published Dec 17, 2020, 5:26 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇപ്പോഴത്തെ പാക് ടീം മാനേജ്‌മെന്റ് മാനസികമായി തന്നെ പീഡിപ്പിക്കുകയാണെന്നും ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായും ആമിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പിസിബി ആമിറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. പിസിബി ചീഫ് എക്‌സിക്യൂട്ടിവ് വസിം ഖാന്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ആമിറുമായി സംസാരിച്ചിരുന്നു.

JUST IN: PCB have confirmed that Mohammad Amir has stepped down from international cricket. 🇵🇰 147 internationals ☝️...

Posted by ICC - International Cricket Council on Thursday, 17 December 2020

തുടര്‍ന്ന് പ്രസ് റിലീസിലൂടെയാണ് 28കാരനായ ആമിര്‍ വിരമിക്കാന്‍ തീരുമാനിച്ചെന്നുള്ള കാര്യം പിസിബി പുറത്തുവിട്ടത്. നേരത്തെ, ഈ മാനേജ്മെന്റിന് കീഴില്‍ ക്രിക്കറ്റ് കളിക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ലെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു. ആമിര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ന്യൂസിന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ഇത് എനിക്കുള്ള സൂചനയായിരുന്നു. ജോലിഭാരം ചൂണ്ടിക്കാണിച്ചാണ് അവര്‍ എന്നെ ഒഴിവാക്കിയത്. 

എന്നാല്‍ എന്നെ എന്നന്നേക്കുമായി പുറത്താക്കാനാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ നിലവില്‍ പാക് ടീമിനിനൊപ്പം തുടരാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് പോവുന്നതല്ല. അവരാണ് എന്നെ മാറ്റിനിര്‍ത്തുന്നത്.  35 അംഗ സംഘത്തില്‍ എന്നെ ഉള്‍പ്പെടുത്താതെ വന്നപ്പോള്‍ തന്നെ എനിക്ക് സൂചന ലഭിച്ചു.'' പാക മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ജാട്ട് പങ്കുവെച്ച വീഡിയോയില്‍ ആമിര്‍ പറഞ്ഞു. 

''ഇത്രയൊക്കെ സഹിച്ചുകൊണ്ട് ടീമില്‍ തുടരാന്‍ എനിക്ക താല്‍പര്യമില്ല. 2010-15 കാലം മുതല്‍ അവര്‍ എന്നെ മാനസികയ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ നജം സെതി, മുന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി എന്നിവര്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ എന്നെ പിന്തുണച്ചത് അവരാണ്. ബാക്കിയുള്ളവര്‍ എനിക്കൊപ്പം കളിക്കാന്‍ തയ്യാറായിരുന്നില്ല.'' ആമിര്‍ പറഞ്ഞുനിര്‍ത്തി. 

2009ലാണ് ആമിര്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാന് വേണ്ടി ആദ്യമായി കളിക്കുമ്പോള്‍ 17 വയസായിരുന്നു ആമിറിന്റെ പ്രായം. തുടക്കത്തില്‍ തന്നെ ലോകനിലവാരം പുലര്‍ത്തിയ ആമിറിന് പിന്നീട് ഒത്തുകളിയുടെ പേരില്‍ അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവന്നു. 2016 ജൂലൈയില്‍ വിലക്കിന് ശേഷം ആമിര്‍ കളിക്കാനിറങ്ങി. തിരിച്ചുവരവിന് ശേഷം തുടക്കകാലത്തെ പ്രകടനം പുറത്തെടുക്കാന്‍ ആമിറ് സാധിച്ചിരുന്നില്ല. 

പാകിസ്ഥാന് വേണ്ടി 147 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആമിര്‍ 259 വിക്കറ്റ് നേടി. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമില്‍ അംഗമായിരുന്നു ആമിര്‍. 2017ല്‍ പാകിസ്ഥാനൊപ്പം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios