കറാച്ചി: അടുത്തിടെയാണ് പാകിസ്ഥാന്റെ പരിശീലകനായി മിസ്ബ ഉള്‍ ഹഖിനെ നിയമിച്ചത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അപ്പോഴുണ്ടായിരുന്ന പരിശീലകനെ മാറ്റിയാണ് മിസ്ബയെ നിയമിച്ചത്. മുഖ്യ സെലക്റ്ററും അദ്ദേഹം തന്നെയാണ്. പാക് ക്രിക്കറ്റിനെ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരിക എന്നതായിരുന്നു മിസ്ബയ്ക്ക് നല്‍കിയിരുന്നു നിര്‍ദേശം. 

ആദ്യപടിയായി പാക് ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി. ടി20യില്‍ ബാബര്‍ അസമും ടെസ്റ്റില്‍ അസര്‍ അലിയുമാണ് നയിക്കുക. ഏകദിന ടീമിന്റെ ക്യാപ്റ്റനെ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഇതിനിടെ ടി20 ടീമിലേക്ക് സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ തിരികെ കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു. ബാബര്‍ അസം അതേറ്റ് പിടിക്കുകയും ചെയ്തു. 

എന്നാല്‍ വന്‍ തിരിച്ചടിയാണ് ഇരുവര്‍ക്കും നേരിട്ടത്. ഇരുവരേയും ടീമിലേക്ക് മടക്കിവിളിക്കേണ്ടതില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പക്ഷം. യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരികാണ് ഇപ്പോള്‍ വേണ്ടതെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.