ധരംശാലയില്‍ പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തി.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിനെ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് പ്രേമികള്‍. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യം ഒരു ടവറിന് കേടുപാടുകള്‍ സംഭവിച്ചതെങ്കിലും പിന്നീട് രണ്ട് ടവറുകള്‍ കൂടി തകരാറിലായി.
പിന്നാലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പാകിസ്ഥാന്‍, ഇന്ത്യയിലേക്ക് ഡ്രോണുകളും അയച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഇതെല്ലാം നിര്‍വീര്യമാക്കുകയും ചെയ്തു. ഇത്തരം വാര്‍ത്തകള്‍ പിന്നാലെയാണ് മത്സരം ഉപേക്ഷിക്കുന്നുതും.
ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കാണികളോട് സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ക്രിക്കറ്റ് ആരാധകര്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി തിരിഞ്ഞത്. എഎന്‍ഐ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വീഡിയോ കാണാം...
മത്സരം 10.1 ഓവര്‍ ആയിരിക്കെയാണ് സംഭവം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ (34 പന്തില്‍ 70) വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പ്രിഭ്സിമ്രാന്‍ സിംഗ് (50), ശ്രേയസ് അയ്യര്‍ (0) എന്നിവരായിരുന്നു ക്രീസില്‍.
അതേസമയം, പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാന്‍ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകണമെന്നാണ് അറിയിപ്പ്.
പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.



