ടീം ഇന്ത്യ മധ്യനിരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് കണക്കും സമീപകാല ചരിത്രവും. സഞ്ജുവിന്‍റേത് ഹാഷ്‌ടാഗുകള്‍ ശരിവെക്കുന്ന പ്രകടനം. 

മുംബൈ: ടി20 ലോകകപ്പിന്(T20 World Cup 2021) പിന്നാലെ ന്യൂസിലന്‍ഡിനെതിരായ(New Zealand Tour of India 2021) പരമ്പരയിലെ ഇന്ത്യന്‍ ടീം(Team India) തെരഞ്ഞെടുപ്പും വിമര്‍ശിക്കപ്പെടുകയാണ്. മധ്യനിരയിൽ സഞ്ജു സാംസൺ(Sanju Samson) സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരുടെയും അഭിപ്രായം നാലാം നമ്പര്‍ ബാറ്ററെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളിൽ(2019 ഏകദിന ലോകകപ്പ്, 2021 ടി20 ലോകകപ്പ്) തിരിച്ചടിയേറ്റിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ എന്തുകൊണ്ടാണ് പഠിക്കാത്തത് എന്ന ചോദ്യം സജീവം.

ടീമില്‍ നിറയെ ഓപ്പണര്‍മാര്‍!

ആവശ്യത്തിന് മധ്യനിര ബാറ്റര്‍മാരില്ലാതെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പഴിയേറെ കേട്ടിട്ടും ഓപ്പണര്‍മാരെ കുത്തിനിറച്ച് വീണ്ടുമൊരു ട്വന്‍റി 20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ചേതന്‍ ശര്‍മ്മയുംസംഘവും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വൈസ് ക്യാപ്റ്റന്‍ കെ എൽ രാഹുല്‍ എന്നിവര്‍ക്ക് പുറമേ, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നീ ഓപ്പണര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. മധ്യനിര ബാറ്റര്‍മാരായി ഉള്ളത് ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ മാത്രം. 

ഇടംകാലിലെ പരിക്കിന് വലംകാലില്‍ ശസ്ത്രക്രിയ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും മധ്യപ്രദേശിന്‍റെയും ഓപ്പണിംഗ് ബാറ്ററായ വെങ്കടേഷ് അയ്യറിനോട് ഫിനിഷറുടെ റോള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഇടതുകാലിലെ പരിക്കിന് വലതുകാലില്‍ ശസ്ത്രക്രിയ ചെയ്യുന്നതുപോലെയാണ് പുതിയ തീരുമാനങ്ങള്‍ എന്ന് പറയാതെ വയ്യ. ഇവിടെയാണ് സഞ്ജു സാംസണിനെ തഴയുന്നതിലെ യുക്തി മനസ്സിലാകാത്തത്. മലയാളിയായത് കൊണ്ട് സഞ്ജുവിനെ ടീമിൽ എടുക്കണമെന്നല്ല പറയുന്നത്. ട്വന്‍റി 20യിൽ നിര്‍ണായകമെന്ന് എല്ലാ മികച്ച ടീമുകളും തിരിച്ചറിഞ്ഞ മധ്യഓവറുകളിലെ , അതായത് 7 മുതൽ 15 വരെയുള്ള ഓവറുകളിലെ സഞ്ജുവിന്‍റെ പ്രകടനം സെലക്ടര്‍മാര്‍ കണ്ണുതുറന്ന കാണണം.

കണക്കുകളില്‍ സഞ്ജു മിടുക്കന്‍ 

കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകള്‍ പരിശോധിച്ചാൽ കുറഞ്ഞത് 200 പന്തെങ്കിലും മധ്യഓവറുകളിൽ നേരിട്ടിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മായങ്ക് അഗര്‍വാള്‍ കഴിഞ്ഞാൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ളത് സഞ്ജുവിനാണ് , 160ന് അടുത്ത്. റുതുരാജ്, രാഹുല്‍, സൂര്യകുമാര്‍ എന്നിവരുടേത് 140ന് താഴെയാണ്. ശ്രേയസ്, പന്ത്, കോലി എന്നിവര്‍ 120നും താഴെ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പോലെ ഇന്നിംഗ്സിന്‍റെ ഏത് ഘട്ടത്തിലും ടോപ് ഗിയറിലേക്ക് മാറാന്‍ കഴിയുന്ന ബാറ്റിംഗ് യൂണിറ്റാണ് ട്വന്‍റി 20യിലെ ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ഒന്നടങ്കം പറയുമ്പോഴാണ് സഞ്ജുവിനെ പോലെയൊരാള്‍ മധ്യനിരയിൽ ഉണ്ടാകേണ്ടതിന്‍റെ അനിവാര്യത തിരിച്ചറിയുക. 

'സ്ഥിരതയില്ലായ്‌മ'- വാദം ഇനി വിലപ്പോവില്ല

സഞ്ജുവിന്‍റെ പ്രധാന പോരായ്മയായി സെലക്ടര്‍മാര്‍ ഇത്രയും കാലം പറഞ്ഞിരുന്നത് സ്ഥിരതയില്ലായ്മ ആയിരുന്നു. യുഎഇയിലെ ദുഷ്കരമായ ബാറ്റിംഗ് പിച്ചുകളില്‍ നടന്ന ഐപിഎല്ലില്‍ 484 റൺസും സയിദ് മുഷ്താഖ് അലി ട്രോഫിയിലെ 5 കളിയിൽ 155 റൺസ് സ്ട്രൈക്ക് റേറ്റിൽ 175 റൺസും നേടിയ സഞ്ജു സ്ഥിരത പുലര്‍ത്തുന്നില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കാരണം ആസ്വദിച്ച് ബാറ്റുചെയ്യാന്‍ കഴിയുന്നില്ലെന്ന് പലരും വിലപിക്കുമ്പോഴാണ് സഞ്ജു മിസ്റ്റര്‍ കൺസിസ്റ്റന്‍റ് ആകുന്നത്. #JusticeForSanjuSamson ഹാഷ്‌ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നതിന് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. 

ഇന്ത്യന്‍ ടീമിന് പുതിയ മുഖം; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, രോഹിത് നായകന്‍